തിരുവനന്തപുരം: വോൾവോ ബസിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന പണം പിടിച്ചെടുത്തു. പാറശാലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയെ പിടികൂടി. തമിഴ്നാട് രാമനാഥപുരം ജില്ലയിൽ മുതുകുളത്തൂർ താലൂക്കിൽ കണ്ണെത്താൻ വില്ലേജിൽ രാജ പ്രവീൺകുമാർ ആണ് അറസ്റ്റിലായത്. കൊറ്റാമത്ത് അമരവിള എക്സൈസ് റെയിഞ്ച് നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വോൾവോ ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ.
22 ലക്ഷം രൂപയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഇയാളുടെ ബാഗിൽ നിന്നും 22 ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ നോട്ടുകളാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യവ്യക്തിക്ക് കൈമാറാൻ കൊണ്ടുവന്നതാണ് പണമെന്നായിരുന്നു യുവാവ് എക്‌സൈസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.
എക്സൈസ് ഇൻസ്പെക്ടർ വിനോജ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോയ്, പ്രിവന്റീവ് ഓഫീസർമാരായ മധു, വിജയകുമാർ, സിഇഒമാരായ നിശാന്ത്, രാജേഷ്, അരുൺ എന്നിവരാണ് പണം പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Read Also: സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കുന്നു! മെയ് 12 വരെയുള്ള ഫ്ലൈറ്റുകൾ റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്
Post Your Comments