സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയതോടെ സർവീസുകൾ റദ്ദ് ചെയ്യുന്നത് ദീർഘിപ്പിച്ച് ഗോ ഫസ്റ്റ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മെയ് 12 വരെയുള്ള ഫ്ലൈറ്റുകളാണ് ഗോ ഫസ്റ്റ് റദ്ദ് ചെയ്തിരിക്കുന്നത്. ഫ്ലൈറ്റ് റദ്ദാക്കിയതിനെ തുടർന്ന് യാത്രാ തടസം നേരിട്ടവർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്ന് ഗോ ഫസ്റ്റ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് റീഫണ്ട് ചെയ്യാൻ ഡിജിസിഎ ഗോ ഫസ്റ്റിനോട് ഇതിനോടകം ആവശ്യപ്പെട്ടിരുന്നു.
മുൻപ് മെയ് 3 വരെയുള്ള വിമാന സർവീസുകളാണ് ഗോ ഫസ്റ്റ് താൽക്കാലികമായി നിർത്തി വെച്ചിരുന്നത്. പിന്നീട് മെയ് 9 വരെയുളള സർവീസുകൾ റദ്ദ് ചെയ്യുകയും, മെയ് 15 വരെ ടിക്കറ്റ് വിൽപ്പന നിർത്തി വെക്കുകയുമായിരുന്നു. നിലവിൽ, നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരാത്ത അപേക്ഷ ഗോ ഫസ്റ്റ് സമർപ്പിച്ചിട്ടുണ്ട്. പ്രാറ്റ് ആൻഡ് വിറ്റ്നിയുമായി ഏർപ്പെട്ട കരാറിലെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. വിമാനത്തിന്റെ എൻജിനുകൾ നിർമ്മിച്ചു നൽകുന്ന അമേരിക്കൻ കമ്പനിയാണ് പ്രാറ്റ് ആൻഡ് വിറ്റ്നി. 2019-ലും സമാനമായ രീതിയിൽ ഗോ ഫസ്റ്റ് തകർച്ച നേരിട്ടിരുന്നു.
Post Your Comments