ചാരുംമൂട്: ബൈക്കിൽ ഹെൽമറ്റില്ലാതെ പോയതിനുള്ള പിഴ അടയ്ക്കാന്‍ സ്കൂട്ടർ ഉടമയ്ക്ക് ആളുമാറി പെറ്റി നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. ആലപ്പുഴ ചാരും മൂടാണ് സംഭവം. കെഎസ്ആർടിസി ജീവനക്കാരനായ താമരക്കുളം ചത്തിയറ സ്വദേശി രാജേഷിനാണ് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിനുള്ള പിഴ അടക്കാൻ ഫോണിൽ സന്ദേശമായി നോട്ടീസ് ലഭിച്ചത്. രാജേഷിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 31എൽ 5623 നമ്പറുള്ള ആക്ടിവ സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ചെന്ന് കാണിച്ചാണ് പിഴ അടയ്ക്കാൻ ചെലാൻ ലഭിച്ചത്.
ചെലാനിനൊപ്പമുള്ള ഫോട്ടോ പരിശോധിച്ചപ്പോഴാണ് വാഹനം തന്‍റേതല്ലെന്ന് രാജേഷ് തിരിച്ചറിയുന്നത്. സ്കൂട്ടറിന് പകരം ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ പോകുന്ന രണ്ടു പേരുടേതാണ് പിഴ നോട്ടീസിലെ ചിത്രം. എന്നാൽ, ഫോട്ടോയിൽ ബൈക്കിന്റെ നമ്പർ വ്യക്തമല്ല.
കെഎൽ 31 എൽ എന്നു വരെ വ്യക്തമായി വായിക്കാം. നമ്പർ വ്യക്തമല്ലാത്തതിനാൽ സാമ്യമുള്ള ഒരു നമ്പറിലേക്ക് പിഴ ചുമത്തിയാണ് ചെലാൻ മോട്ടോർ വാഹന വകുപ്പ് അയച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ അലസമായ പ്രവൃത്തിയാണ് ആൾ മാറി പിഴ ചെലാൻ വരാൻ ഇടയാക്കിയതെന്നാണ് സംശയം.
നേരത്തെ കോഴിക്കോടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ആക്ടിവ സ്കൂട്ടർ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ നിയമലംഘനം നടത്തിയെന്ന് കാട്ടി സന്ദേശം ലഭിച്ചത് ഒന്നുമറിയാത്ത ടിവിഎസ് സ്കൂട്ടർ യാത്രക്കാരനാണ്.
Post Your Comments