പാലക്കാട്: സൈലന്റ് വാലി വനം ഡിവിഷനിൽ നിന്ന് ഫോറസ്റ്റ് വാച്ചർ രാജനെ കാണാതായിട്ട് ഒരു വർഷം. ഒരു വർഷം തിരച്ചിൽ നടത്തിയിട്ടും രാജനെക്കുറിച്ച് ഒരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല. രാജന് കാട്ടിൽ വെച്ച് അപകടം സംഭവിച്ചതായി ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ വർഷം മേയ് 3ന് സൈരന്ധ്രി വാച്ച് ടവറിനു സമീപമുള്ള മെസിൽ നിന്നു രാത്രി 8.30ന് ഭക്ഷണം കഴിച്ചു സമീപത്തെ ക്യാംപിലേക്ക് ഉറങ്ങാൻ പോയതാണ് വാച്ചർ പുളിക്കഞ്ചേരി രാജൻ. ഇരുട്ടിലേക്ക് ടോർച്ച് തെളിച്ചു പോയ രാജനെ പിന്നീട് ആരും കണ്ടിട്ടില്ല. സഹജീവനക്കാർ പിറ്റേന്നു രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനിടെ ഒരു ജോഡി ചെരുപ്പ് കണ്ടു കിട്ടി. കുറച്ചകലെയായി വള്ളിപ്പടർപ്പിൽ മുണ്ടും കണ്ടെത്തിയിരുന്നു.
അടുത്ത ദിവസം മൊബൈൽ ഫോണും വനത്തിൽ നിന്നു കിട്ടി. ഒരു വർഷത്തിനിടെ ആകെ കിട്ടിയ സൂചന ഇതു മാത്രം. വനത്തിനുള്ളിലെ നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും മറ്റു സൂചന ഒന്നും കിട്ടിയില്ല. 10 വർഷത്തിലേറെയായി സൈലന്റ്‌വാലിയിൽ വാച്ചറായി ജോലി ചെയ്യുന്ന രാജൻ വനത്തെ നന്നായി അറിയാവുന്ന ആളാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യം മേഖലയിൽ ഉണ്ടെങ്കിലും മൽപിടിത്തം നടന്നതിന്റെ തെളിവുകളും കിട്ടിയില്ല.
അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Post Your Comments