ന്യൂഡല്‍ഹി: വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് സിനിമയ്ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും വാസ്‌തവ വിരുദ്ധവുമായ കാര്യങ്ങളാണ് ‘ദി കേരള സ്റ്റോറി’യില്‍ പറയുന്നതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.
ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് മുന്നോടിയായി സമാന ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് ‘ദി കേരള സ്റ്റോറി’യുടെ നിര്‍മാതാക്കളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. സിനിമയ്ക്കെതിരെ ഹര്‍ജിക്കാര്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ‘ദി കേരള സ്റ്റോറി’ക്കെതിരെ മൂന്ന് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
‘ദി കേരള സ്‌റ്റോറി’ സിനിമയ്‌ക്ക് അടിയന്തരമായി സ്‌റ്റേ വേണമെന്ന ഹര്‍ജിയിലെ ആവശ്യം ഇന്നലെ കേരള ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. സിനിമ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്‌റ്റഡി സര്‍ക്കിള്‍ എന്‍ജിഒ ഭാരവാഹിയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍, ചിത്രത്തിലെ ടീസറിന്റെ പരാമര്‍ശങ്ങള്‍ സിനിമയുടെ പൂര്‍ണ ഉദ്ദേശ്യമായി കണക്കാക്കാന്‍ സാധിക്കുമോ എന്നും നിങ്ങള്‍ ടീസര്‍ മാത്രമല്ലേ കണ്ടിട്ടുള്ളൂ ചിത്രം കണ്ടിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു. ഒപ്പം ടീസര്‍ മാത്രം കണ്ട് ചിത്രത്തെ വിലയിരുത്താനാകുമോയെന്ന ചോദ്യവും ഹര്‍ജിക്കാരന് നേരെ കഴിഞ്ഞ ദിവസം ഉന്നയിച്ചു. മേയ് അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്.
Post Your Comments