കൊല്ലം: സൈബർ അധിക്ഷേപത്തെ തുടർന്ന് കടുത്തുരുത്തിയിൽ യുവതി ആത്മഹത്യയിൽ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകളുടെ ആത്മഹത്യയിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. കടുത്തുരുത്തി കോന്നല്ലൂർ സ്വദേശിനി ആതിരയുടെ കുടുംബമാണ് യുവതിയുടെ മുന്‍ സുഹൃത്തായ അരുണ്‍ വിദ്യാധരനെ ഉടന്‍ പിടികൂടണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നത്. അരുണുമായുള്ള ബന്ധം വേണ്ടെന്ന് തീരുമാനിച്ചത് ആതിര തന്നെയാണെന്നും അച്ഛന്‍ മുരളി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ സഹോദരിക്കുണ്ടായത് ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകരുതെന്ന് ആതിരയുടെ സഹോദരീ ഭർത്താവ് ആശിഷ് ദാസ് ഐഎഎസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നാലെയാണ് പിതാവിന്റെ പ്രതികരണം പുറത്തുവന്നത്. ഞായറാഴ്ച വരെ ആതിര ഏറെ സന്തോഷവതിയായിരുന്നുവെന്നും അരുണിന്റെ സ്വഭാവം കാരണവും മറ്റുവിവരങ്ങള്‍ അറിഞ്ഞതിനാലുമാണ് അയാളുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറിയതെന്ന് ആതിരയുടെ പിതാവ് പറയുന്നു.
‘വീട്ടിലെ ഏറ്റവും ധൈര്യമുള്ള കൊച്ചായിരുന്നു അവള്‍. ഞായറാഴ്ച രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അന്ന് രാത്രി എന്തോ സംഭവിച്ചിട്ടുണ്ട്. ഒരുവര്‍ഷമായിട്ട് ശല്യമൊന്നും ഉണ്ടായിരുന്നില്ല. പുതിയ വിവാഹാലോചന വന്നപ്പോള്‍ ഞങ്ങള്‍ക്കും അവര്‍ക്കും ഇഷ്ടപ്പെട്ടു. അവര്‍ വന്ന് കണ്ടുപോയപ്പോള്‍ മകളും സന്തോഷവതിയായിരുന്നു. പക്ഷെ എന്റെ കൊച്ചിനെ അവൻ കൊന്നു’, പിതാവ് പറയുന്നു.
അതേസമയം, സംഭവത്തിൽ പ്രതി അരുൺ വിദ്യാധരന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒളിവിലുള്ള പ്രതി അരുൺ വിദ്യാധരനെ കുറിച്ച് വിവരം ലഭിച്ചതായാണ് വിവരം. കടുത്തുരുത്തി കോന്നല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. അരുണിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് മരണം.
Post Your Comments