ആവശ്യഘട്ടങ്ങളിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ജോലി ആവശ്യങ്ങൾക്കും, വിദ്യാഭ്യാസ ആവശ്യങ്ങൾക്കും അന്യ നാട്ടിൽ കഴിയുന്നവർ പലപ്പോഴും ഓൺലൈൻ ഭക്ഷണത്തെയാണ് ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഓൺലൈൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് തിരിച്ചടി നൽകിയിരിക്കുകയാണ് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. റിപ്പോർട്ടുകൾ പ്രകാരം, ഫുഡ് ഓർഡർ ചെയ്യുമ്പോൾ ഉപഭോക്താക്കളിൽ നിന്നും പ്ലാറ്റ്ഫോം ഫീസ് ഈടാക്കാനാണ് സ്വിഗ്ഗി പദ്ധതിയിടുന്നത്. ഇതോടെ, സ്വിഗ്ഗിയിൽ നിന്നുമുള്ള ഭക്ഷണങ്ങൾക്ക് ചെലവേറും.
ഒരു ഫുഡ് ഓർഡറിന് രണ്ട് രൂപ നിരക്കിലാണ് പ്ലാറ്റ്ഫോം ഫീസ് ഈടാക്കുക. കമ്പനിയുടെ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നത്. ആദ്യ ഘട്ടത്തിൽ ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ ഉപഭോക്താക്കളിൽ നിന്നുമാണ് പ്ലാറ്റ്ഫോം ഫീസ് ഈടാക്കുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഒട്ടനവധി ചെലവ് ചുരുക്കൽ നടപടികളാണ് സ്വിഗ്ഗി ആവിഷ്കരിച്ചിട്ടുള്ളത്. ഇതിനെ തുടർന്ന് 380- ലധികം ജീവനക്കാരെ കമ്പനിയിൽ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തനഫലങ്ങളിൽ കനത്ത നഷ്ടമാണ് സ്വിഗ്ഗി നേരിട്ടത്. നിലവിൽ, രാജ്യത്തെ 100 നഗരങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ഉള്ളത്.
Also Read: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത
Post Your Comments