ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ തൃശ്ശൂര്‍ പട്ടണത്തില്‍ നിന്ന് 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂര്‍ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണന്‍ എന്ന രൂപത്തിലാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. പാതാളാഞ്ജനം എന്ന വിശിഷ്ടവും അപൂര്‍വ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. നില്‍ക്കുന്ന രൂപത്തില്‍ കാണപ്പെടുന്ന ഭഗവാന്‍ 4 കൈകളില്‍ പാഞ്ചജന്യം (ശംഖ്), സുദര്‍ശനചക്രം, കൗമോദകി (ഗദ), താമര എന്നിവ ധരിച്ചിരിക്കുന്നു. മാറില്‍ ശ്രീവത്സം എന്ന അടയാളവും, കൗസ്തുഭം തുടങ്ങിയ ആഭരണങ്ങളും, മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ വാഴുന്നത്. റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങളില്‍ ഈ ക്ഷേത്രത്തില്‍ എത്താം.
ക്ഷേത്രത്തില്‍ ഇന്നു കാണപ്പെടുന്ന വിഗ്രഹം ചതുര്‍ബാഹുവും ശംഖചക്രഗദാപത്മധാരിയുമായ മഹാവിഷ്ണുവിന്റേതാണ്. സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിഗ്രഹത്തിന് ഉദ്ദേശം നാലടിക്കും അഞ്ചടിക്കുമിടയില്‍ ഉയരം വരും. പീഠം കൂടി കണക്കിലെടുത്താല്‍ ആറടിയാകും. നില്‍ക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്. പാതാളാഞ്ജനശിലയില്‍ തീര്‍ത്ത ഈ വിഗ്രഹം ആദ്യം ശിവന്റെയൊപ്പമായിരുന്നു. പിന്നീട് ബ്രഹ്മാവും ഇത് സ്വന്തമാക്കി. ഒടുവില്‍ സന്താനസൗഭാഗ്യമില്ലാതെ കഴിഞ്ഞിരുന്ന സുതപസ്സ് എന്ന രാജാവിന് ബ്രഹ്മാവ് ഇത് സമ്മാനിച്ചു. നാലുജന്മങ്ങളില്‍ അദ്ദേഹത്തിന്റെ പുത്രനായി മഹാവിഷ്ണു അവതരിച്ചു (പ്രശ്‌നിഗര്‍ഭന്‍, വാമനന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍). ഒടുവില്‍ ദ്വാരക കടലില്‍ മുങ്ങിയപ്പോള്‍ ദേവഗുരുവായ ബൃഹസ്പതിയും അദ്ദേഹത്തിന്റെ ശിഷ്യനായ വായുദേവനും ചേര്‍ന്ന് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. അങ്ങനെ സ്ഥലത്തിന് ഗുരുവായൂര്‍ എന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പന്‍ എന്നും പേരുകള്‍ വന്നു.
ശിവന്‍ തപസ്സു ചെയ്‌തെന്നു കരുതുന്ന പൊയ്കയെ രുദ്രതീര്‍ത്ഥമെന്ന് വിളിക്കുന്നു (ഇപ്പോഴുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണിത്.) ശ്രീകൃഷ്ണന്‍ ഉദ്ധവനോട് ദേവഗുരു ബൃഹസ്പതിയെകൊണ്ട് ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കുവാന്‍ ആവശ്യപ്പെടുകയുണ്ടായ മഹാവിഷ്ണു വിഗ്രഹമാണ് ഗുരുവായൂരിലെ പ്രതിഷ്ഠയെന്ന് വിശ്വാസം. ഗുരുവും വായുഭഗവാനും കൂടി സ്ഥലം കണ്ടെത്തി പ്രതിഷ്ഠ നടത്തിയതിനാല്‍ ഗുരുവായൂരെന്നു നാമമുണ്ടായെന്ന് സ്ഥലനാമ പുരാണം.
പാതാള അഞ്ജനം കൊണ്ടു തീര്‍ത്ത ഗുരുവായൂരിലെ വിഗ്രഹത്തിനെ മഹാവിഷ്ണു ആരാധിച്ചിരുന്നു എന്നാണ് ഐതീഹ്യം. ബ്രഹ്മാവിന് വിഷ്ണു ഈ വിഗ്രഹം സമ്മാനിച്ചു. പ്രജാപതിയായ സുതപനും അദ്ദേഹത്തിന്റെ പത്‌നിയായ പ്രശ്‌നിയും ബ്രഹ്മാവിനെ വിളിച്ച് തപസ്സനുഷ്ഠിച്ചു. ഈ തപസ്സില്‍ സംപ്രീതനായ ബ്രഹ്മാവ് ഇവര്‍ക്ക് ഈ വിഗ്രഹം സമ്മാനിച്ചു. വിഗ്രഹത്തെ അതിഭക്തിയോടെ ഇവര്‍ ആരാധിക്കുന്നതു കണ്ട വിഷ്ണു ഇവരുടെ മുന്‍പില്‍ അവതരിച്ച് വരം ചോദിക്കുവാന്‍ ആവശ്യപ്പെട്ടു. വിഷ്ണുവിനെ കണ്ട ആഹ്ലാദത്തില്‍ ഇരുവരും മൂന്നുതവണ ”വിഷ്ണുസമാനനായ ഒരു മകനെ വേണം” എന്ന് ആവശ്യപ്പെട്ടു. വിഷ്ണു മൂന്നു ജന്മങ്ങളില്‍ ഇവരുടെ മകനായി ജനിക്കാമെന്നും ഈ മൂന്നു ജന്മങ്ങളിലും ഇവര്‍ക്ക് ബ്രഹ്മാവില്‍ നിന്ന് വിഗ്രഹം ലഭിക്കും എന്നും വരം കൊടുത്തു.
സത്യയുഗത്തിലെ ഒന്നാം ജന്മത്തില്‍ മഹാവിഷ്ണു സുതപന്റെയും പ്രശ്‌നിയുടെയും മകനായി പ്രശ്‌നിഗര്‍ഭന്‍ ആയി ജനിച്ചു. പ്രശ്‌നിഗര്‍ഭന്‍ ലോകത്തിന് ബ്രഹ്മചാര്യത്തിന്റെ പ്രാധാന്യം പഠിപ്പിച്ചു കൊടുത്തു.
ത്രേതായുഗത്തില്‍ സുതപനും പത്‌നി പ്രശ്‌നിയും കശ്യപനും അദിതിയുമായി ജനിച്ചു. മഹാവിഷ്ണു രണ്ടാമത്തെ ജന്മത്തില്‍ അവരുടെ മകനായ വാമനനായി ജനിച്ചു.
ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ വസുദേവന്റെയും ദേവകിയുടെയും മകനായി ജനിച്ചു.
ദൌമ്യനാണ് ഇവര്‍ക്ക് ഈ വിഗ്രഹം ആരാധനയ്ക്കായി നല്‍കിയത് എന്നു കരുതപ്പെടുന്നു. ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ ഒരു വലിയ ക്ഷേത്രം നിര്‍മ്മിച്ച് ഈ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു. സ്വര്‍ഗ്ഗാരോഹണ സമയത്ത് കൃഷ്ണന്‍ തന്റെ ഭക്തനായ ഉദ്ധവനോട് ഈ വിഗ്രഹം ദേവലോകത്തെ ഗുരുവായ ബൃഹസ്പതിയുടെയും വായൂദേവന്റെയും സഹായത്തോടെ ഒരു പുണ്യസ്ഥലത്ത് പ്രതിഷ്ഠിക്കുവാന്‍ പറഞ്ഞു. ഗുരുവും വായുവും ഈ വിഗ്രഹവുമായി തെക്കുള്ള ഒരു സ്ഥലത്തെത്തി വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവും വായുവും വന്ന ഊര് (സ്ഥലം) എന്നതില്‍ നിന്നാണ് ഗുരുവായൂര്‍ എന്ന സ്ഥലപ്പേര് ഉണ്ടായത്.
ശിവനും പാര്‍വ്വതിയും ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യമുഹൂര്‍ത്തത്തില്‍ അവിടെ ഉണ്ടായിരുന്നു എന്നും എല്ലാവര്‍ക്കും നില്‍ക്കുവാന്‍ ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവന്‍ അല്പം മാറി മമ്മിയൂര്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു എന്നുമാണ് ഐതീഹ്യം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂര്‍ ക്ഷേത്രം.
ഗുരുവായൂര്‍ ക്ഷേത്രത്തിന് 5,000 വര്‍ഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. പിന്നീട് ബുദ്ധക്ഷേത്രമായും മാറി. ഗുരുവായൂര്‍ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോകസന്ദേശം’ ആണ്. ഇതില്‍ കുരുവായൂര്‍ എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വര്‍ണ്ണനയും കാണാം. എങ്കിലും മേല്‍പ്പത്തൂരിന്റെ നാരായണീയം ആണ് ഗുരുവായൂര്‍ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്.’തിരുന്നാവായ കഴിഞ്ഞാല്‍ പ്രാധാന്യം കൊണ്ടു രണ്ടാമതുവരുന്നതു തൃശ്ശൂല്‍ ജില്ലയില്‍ ചാവക്കാട് താലൂക്കിലുള്ള ഗുരുവായൂര്‍ ക്ഷേത്രമാണ്.തളര്‍വാതരോഗശാന്തിക്കു പുകള്‍പ്പെറ്റതാണ് ഈ ഹൈന്ദവാരാധന കേന്ദ്രം’ വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ ഇങ്ങനെയാണ് ഗുരുവായൂര്‍ക്ഷേത്രത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.
തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂര്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേവശില്പിയായ വിശ്വകര്‍മ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിര്‍മ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. വിഷുദിവസത്തില്‍ സൂര്യന്റെ ആദ്യ കിരണങ്ങള്‍ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാല്‍ക്കല്‍ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് (കിഴക്കോട്ട് ദര്‍ശനം). ഇങ്ങനെ സൂര്യന്‍ വിഷു ദിവസത്തില്‍ ആദ്യമായി വിഷ്ണുവിന് വന്ദനം അര്‍പ്പിക്കുന്നു. ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും രണ്ട് കവാടങ്ങളുണ്ട്. ഭഗവദ്ദര്‍ശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം. തിരക്കില്ലാത്തപ്പോള്‍ അവിടെനിന്നുനോക്കിയാല്‍ത്തന്നെ ഭഗവദ്വിഗ്രഹം കാണാന്‍ സാധിക്കും.
Leave a Comment