ഇടുക്കി: അരിക്കൊമ്പനെ ദൗത്യസംഘം തിരിച്ചറിഞ്ഞെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ആനയെ അനുയോജ്യമായ സ്ഥലത്ത് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ജാഗ്രതയോടെ നടത്തുകയാണ് എന്നും ഇരുമ്പ് പാലത്തിന് സമീപമോ, തൊട്ടടുത്ത് സൗകര്യമുള്ള മറ്റെവിടെയെങ്കിലും ആനയെ മാറ്റാനാവുമോയെന്ന് നോക്കുകയാണെന്നും മന്ത്രി അറിയിച്ചു.
വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നാൽ ഇന്ന് തന്നെ അരിക്കൊമ്പനെ പിടികൂടാനാകും. പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ഫലപ്രാപ്തിയിലാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഉദ്യോഗസ്ഥർ കടുത്ത സമർദ്ദത്തിലാണ്. വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത് അവരുടെ ആത്മവീര്യം തകർക്കുമോ എന്ന് ഭയമുണ്ട്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. 150 പേർ ജീവൻ പണയപ്പെടുത്തിയാണ് കഠിനാധ്വാനം ചെയ്യുന്നത്. ഒരാനയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വന്ന് നിന്ന് കൊടുക്കില്ല. അവർക്കും ബുദ്ധിയുണ്ട്. അതിനനുസരിച്ച് പ്ലാൻ മാറും. യുക്തിസഹമായ നടപടി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്’- മന്ത്രി വ്യക്തമാക്കി.
Post Your Comments