കണ്ണൂർ: വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള തിരിച്ചടവിനായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക യഥാസമയം പ്രസ്തുത സ്ഥാപനങ്ങളിൽ അടയ്‌ക്കേണ്ട ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ ഏതെങ്കിലും കാരണത്താൽ വീഴ്ച വന്നാൽ പ്രസ്തുത തുക പലിശസഹിതം അടയ്‌ക്കേണ്ട ബാധ്യത ബന്ധപ്പെട്ട സ്ഥാപനത്തിനുണ്ടെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും വായ്പ തിരിച്ചടവിനുള്ള പണം ഈടാക്കിയ ശേഷം ബാങ്കിൽ അടച്ചില്ലെന്ന പരാതിയിലാണ് ഉത്തരവ്. പരാതിക്കാരനായ പിണറായി പടന്നക്കര സ്വദേശി എൻ. പി സജീഷിന്റെ ശമ്പളത്തിൽ നിന്നും ഈടാക്കിയ തുക ബാങ്കിൽ അടയ്ക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി. തിരിച്ചടക്കേണ്ട തുകയ്ക്ക് പലിശ അടയ്ക്കണമെങ്കിൽ അത് ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നും ഈടാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കെഎസ്ആർടിസി കണ്ണൂർ ജില്ലാ ഓഫീസർക്കാണ് (ഫിനാൻസ് ആന്റ് അഡ്മിനിസ്‌ട്രേഷൻ) കമ്മീഷൻ ഉത്തരവ് നൽകിയത്.
സ്വീകരിച്ച നടപടികൾ ഒരു മാസത്തിനുള്ളിൽ ജില്ലാ ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണം. തലശ്ശേരി സഹകരണ അർബൻ ബാങ്ക് മഞ്ഞോടി ശാഖയിലേക്കാണ് തുക അടയ്‌ക്കേണ്ടിയിരുന്നത്. 2021 നവംബർ, ഡിസംബർ മാസങ്ങളിൽ നിന്നും പരാതിക്കാരന്റെ ശമ്പളത്തിൽ നിന്നും ഈടാക്കിയ 20,000 ത്തോളം രൂപയാണ് ബാങ്കിൽ അടയ്ക്കാനുള്ളത്. ഇതിനു പുറമേ കെഎസ്എഫ്ഇ കണ്ണൂർ ബ്രാഞ്ചിലെ വായ്പാ കുടിശ്ശികയായ 80,000 രൂപയും കെഎസ്ആർടിസി ബാങ്കിൽ അടച്ചിട്ടില്ല.
Post Your Comments