നോയിഡ: ഇന്‍സ്റ്റഗ്രാമില്‍ ഫോളേവേഴ്‌സിനെ വർധിപ്പിക്കാൻ ‘വിഷംകഴിച്ച്’ പോലീസിനെ കുഴപ്പിച്ച് വിദ്യാർത്ഥി. പത്താംക്ലാസ് വിദ്യാർത്ഥി നടത്തിയ ആത്മഹത്യാ നാടകമാണ് പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത്.
കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന പത്താം ക്ലാസുകാരന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ പുറത്തു വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ നോയിഡയിലെ ഗൗതം ബുദ്ധ് നഗര്‍ പോലീസ് കുട്ടിയെ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. വിദ്യാര്‍ത്ഥിയെ കണ്ടെത്തി ആത്മഹത്യയില്‍ നിന്നു പിന്തിരിപ്പിക്കാനും ജീവൻ രക്ഷിക്കാനുമുള്ള ശ്രമമായിരുന്നു പോലീസ് നടത്തിയത്.
പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടവും അതിലെ വിദ്യാർത്ഥിയെയും കണ്ടെത്താൻ പോലീസ് ഇൻസ്റ്റഗ്രാമിന്‍റെ മാതൃ കമ്പനിയായ ‘മെറ്റ’യുടെ സഹായം തേടി. ലൊക്കേഷന്‍ പിന്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയപ്പോഴാണ് ആത്മഹത്യാ ശ്രമം വ്യാജമാണെന്ന് പോലീസിനു വ്യക്തമായത്. കൊതുകുനാശിനിയുടെ ഒഴിഞ്ഞ കുപ്പിയില്‍ വെള്ളം നിറച്ചാണ് വിദ്യാര്‍ത്ഥി വീഡിയോയിൽ വിഷമെന്ന വ്യാജേന കുടിച്ചത്.
വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളേവേഴ്‌സിനെ കണ്ടെത്താനാണ് വ്യാജ ആത്മഹത്യാ വീഡിയോ ചിത്രീകരിച്ചതെന്ന് വിദ്യാര്‍ത്ഥി മറുപടി നൽകി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന്, കുട്ടിക്ക് കൗണ്‍സിലിങ് നല്‍കാന്‍ പോലീസ് മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Post Your Comments