എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. രണ്ട് സ്കൂളുകളിലായി ഏഴു വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ അൻപതുകാരനായ അധ്യാപകന് 29 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഹയര്‍സെക്കന്‍ഡറി അധ്യാപകനായ എറണാകുളം നടമുറി മഞ്ഞപ്രയിലെ പലട്ടി ബെന്നി പോളിനെ (50) യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ പി അനില്‍കുമാര്‍ രണ്ടു കേസുകളിലായി ശിക്ഷിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പ്രായപൂര്‍ത്തി ആകാത്ത കുട്ടികൾക്ക് നേരെ ക്ലാസ്മുറിയിൽ വെച്ച് ഇയാളെ ലൈംഗിക അതിക്രമം നടത്തിയിരുന്നു. കൂടാതെ ക്ലാസ്സ് എടുക്കുന്ന സമയം പല ദിവസങ്ങളിലായി ശരീരത്തില്‍ പിടിച്ചും ഉരസിയും ഇയാൾ പെൺകുട്ടികളോട് മോശമായി പെരുമാറി. പെൺകുട്ടികൾ നൽകിയ പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ആദ്യത്തെ സ്കൂളിലെ പെൺകുട്ടികൾ പരാതി നൽകിയതോടെ ഇവിടെ നിന്നും സ്ഥലം മാറ്റം കിട്ടി, ഇയാൾ മറ്റൊരു സ്കൂളിൽ ജോലിക്ക് ചേർന്നിരുന്നു. ഇവിടെയും സമാന പ്രവർത്തികൾ തന്നെ ആയിരുന്നു. രണ്ടാമത്തെ സ്കൂളിൽ വെച്ചും പെൺകുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
2017ല്‍ പെരിന്തല്‍മണ്ണ പോലീസ് എടുത്ത കേസുകളില്‍ ആണ് ശിക്ഷ. ഒരു കേസില്‍ വിവിധ വകുപ്പുകളിലായി യഥാക്രമം 5, 2 ,6 വര്‍ഷങ്ങളിലായി ആകെ 13 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷം എന്നിങ്ങനെ വെറും തടവ് അനുഭവിക്കണം. മറ്റൊരു കേസില്‍ 16 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ആണ് വിധിച്ചത്. പിഴത്തുക ഇരകളായ കുട്ടികള്‍ക്ക് നല്‍കും.
Post Your Comments