ഡൽഹി: അബ്ദുള്‍ നാസര്‍ മദനിയുടെ കേരളായാത്രക്ക് 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. മദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയ സുപ്രീം കോടതിയുടെ വിധിയെ വിഫലമാക്കാനാണോ പുതിയ ഉപാധികള്‍ വയ്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.
മദനിയെ കേരളത്തിലേക്ക് അയക്കണമെങ്കില്‍ 20 പോലീസുകാരുടെ അകമ്പടി വേണമെന്നും അവര്‍ക്ക് ചെലവിന് മാസം തോറും 20 ലക്ഷം രൂപ വീതം കെട്ടിവെക്കണമെന്നുമുള്ള കര്‍ണാടക സര്‍ക്കാറിന്റെ ഉപാധിയോടാണ് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ശക്തമായി പ്രതികരിച്ചത്.
ഈ മാസം 17ന് മദനിയെ കേരളത്തിലേക്ക് വിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അതിന് ശേഷം ഒമ്പത് ദിവസത്തേക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ അനങ്ങിയില്ലന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് കപില്‍ സിബലും മദനിയുടെ മറ്റൊരു അഭിഭാഷകനായ ഹാരിസ് ബീരാനും ചേര്‍ന്ന് ഇക്കാര്യം ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
Post Your Comments