ബംഗളൂരു: മുസ്ലിം വിഭാഗത്തിന് നിശ്ചയിക്കപ്പെട്ട നാല് ശതമാനം സംവരണം റദ്ദാക്കിയ നടപടിയില്‍ നിലപാട് വ്യക്തമാക്കി കർണാടക സർക്കാർ. കേരളത്തിനെ കുറ്റപ്പെടുത്തിയാണ് കര്‍ണാടക രംഗത്തെത്തിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിലാണ് കർണാടകയുടെ കുറ്റപ്പെടുത്തൽ. കേരളം ഒഴികെ രാജ്യത്ത് ഒരു സംസ്ഥാനത്തും മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ലെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമാണ് സുപ്രീം കോടതിയില്‍ കർണാടക സ്വീകരിച്ചിരിക്കുന്ന നിലപാട്.
ബി ജെ പി സര്‍ക്കാരിന്റെ നടപടി തികച്ചും തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. സംവരണം റദ്ദാക്കിയതിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഈ നിരീക്ഷണം അന്നു നടത്തിയത്. കർണാടക സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ വിഷയം പരാമർശിക്കുകയും കേസ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സർക്കാർ തങ്ങളുടെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.
കര്‍ണാടകത്തില്‍ മുസ്ലിങ്ങള്‍ക്ക് ഉണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയതിന് എതിരായ വിവിധ ഹര്‍ജികളിലാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനയുടെ 14,15, 16 അനുച്ഛേദങ്ങളുടെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം അഭികാമ്യമല്ലെന്ന് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മുസ്ലിങ്ങള്‍ക്ക് മറ്റ് സംവരണങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.
Post Your Comments