കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയുടെ സംസ്‌കാരം നാളെ രാവിലെ പത്ത് മണിയോടെ നടത്തും. കണ്ണംപറമ്പ് ഖസര്‍സ്ഥാനില്‍ ആയിരിക്കും സംസ്കാരം. മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാത്രി പത്ത് മണി വരെയാണ് പൊതുദര്‍ശനം. രാത്രി ഭൗതികശരീരം വീട്ടിലേക്കെത്തിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു അദ്ദേഹത്തിന് അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. കേരള സർക്കാറിന്‍റെ പ്രഥമ ഹാസ്യാഭിനയ പുരസ്കാര ജേതാവായിരുന്നു അദ്ദേഹം.
മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946ൽ കോഴിക്കോട് പള്ളിക്കണ്ടിയിലാണ് ജനനം. ബേപ്പൂർ മാത്തോട്ടത്തെ വീട്ടിലാണ് താമസം. ഭാര്യ: സുഹ്റ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്. മരുമക്കൾ: ജസി, ഹബീബ് (കോഴിക്കോട്), സക്കീർ ഹുസൈൻ (കെഎസ്‌ഇബി, വെസ്‌റ്റ്‌ഹിൽ), ഫസ്‌ന (പുറമേരി).
Post Your Comments