ന്യൂഡൽഹി: ശൈത്യകാലത്തെ താത്ക്കാലിക അടച്ചിടലിനു ശേഷം ഉത്തരാഖണ്ഡിലെ കേദാർ നാഥ് ക്ഷേത്രം തുറന്നു. ചൊവ്വാഴ്ച്ച രാവിലെയാണ് ക്ഷേത്രം തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടിയാണ് ക്ഷേത്രത്തിൽ ആദ്യ പൂജ നടന്നത്.കാലാവസ്ഥ പ്രതികൂലമായിട്ട് കൂടിയും നിരവധി തീർത്ഥാടകർ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തി. ഏകദേശം 10,000 തീർത്ഥാടകരാണ് നടതുറപ്പ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്.
അതേസമയം, ചാർധാം തീർത്ഥാടനം സുരക്ഷിതവും ആയാസരഹിതവുമാക്കുന്നതിന് വേണ്ടുന്നതെല്ലാം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
ഇത്തവണ ചാർധാം യാത്രക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത് പതിനേഴ് ലക്ഷത്തോളം പേരാണ്. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഉത്തരാഖണ്ഡ് സർക്കാർ ഈ വർഷം മുതൽ ചാർധാം യാത്രയ്ക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയായിരുന്നു. തീർത്ഥാടകർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിന്റെ ഭാഗമായാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്.
Post Your Comments