കല്‍പ്പറ്റ: വെള്ളമുണ്ടയില്‍ നിന്ന് കുടകില്‍ കാര്‍ഷിക ജോലികള്‍ക്കായി പോയ ആദിവാസി യുവാവ് വാളാരംകുന്ന് കോളനിയിലെ ശ്രീധരന്‍ (49) മുങ്ങി മരിച്ചതായി നിഗമനം. വെള്ളമുണ്ട പൊലീസ് കുടകിലെത്തി നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ വ്യക്തത വരുത്താനായത്. കഴിഞ്ഞ ഫെബ്രുവരി 17ന് കുടക് ജില്ലയിലുള്‍പ്പെട്ട ശ്രീമംഗലം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉതുക്കേരിയില്‍ സ്വകാര്യവ്യക്തിയുടെ കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം ബന്ധുക്കളെ കാത്ത് മടിക്കേരി ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നെങ്കിലും പിന്നീട് സംസ്‌കരിക്കുകയായിരുന്നു.
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമെന്നും അമിതമായി മദ്യം അകത്ത് ചെന്നിട്ടുണ്ടായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നതായി ശ്രീമംഗലം പൊലീസ് വിശദമാക്കി. തുടര്‍ന്ന് ശ്രീമംഗലം പൊലീസിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരിച്ചത് ശ്രീധരനായിരിക്കാം എന്ന നിഗമനത്തില്‍ എത്തിയത്.
ജോലി തീര്‍ന്നതോടെ ശ്രീധരനെയും സംഘത്തെയും പത്താം തിയതി ബസ് സ്റ്റോപ്പില്‍ കൊണ്ടുവിട്ടിരുന്നതായി തൊഴിലുടമ പറഞ്ഞിരുന്നു. എല്ലാവരും നാട്ടിലേക്ക് തിരിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലായിരുന്നു തൊഴിലുടമ ഗിരിയുണ്ടായിരുന്നത്.
എന്നാല്‍, പിന്നീടാണ് ശ്രീധരനെ കാണാനില്ലെന്ന കാര്യം അറിയുന്നത്. ബന്ധുക്കള്‍ എത്താത്തതിനെ തുടര്‍ന്ന് അടക്കം ചെയ്ത മൃതദേഹത്തിന്റെ ഫോട്ടോ പരിശോധിച്ച പൊലീസ് ഇത് ശ്രീധരനാണോ എന്നറിയുന്നതിനായി അനിയന്‍ അനിലിനെ കാണിച്ചപ്പോഴാണ് മരിച്ചത് ശ്രീധരന്‍ ആയിരിക്കാമെന്ന സംശയം ബലപ്പെട്ടത്. മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുള്ളതിനാല്‍ ഫോട്ടോയില്‍ മുഖം വ്യക്തമായിരുന്നില്ല. എന്നാല്‍ ശ്രീധരന്‍ സ്ഥിരമായി ധരിക്കാറുള്ള വസ്ത്രങ്ങള്‍ അനിയനും ശ്രീധരന്റെ കൂടെ ജോലി എടുത്തവരും തിരിച്ചറിയുകയായിരുന്നു. മുറുക്കാനും മറ്റും വെക്കാനുള്ള സൗകര്യത്തിനായി പോക്കറ്റോടുകൂടിയ ട്രൗസര്‍ പോലെയുള്ള അടിവസ്ത്രമാണ് ശ്രീധരന്‍ സ്ഥിരം ധരിക്കാറുണ്ടായിരുന്നതെന്ന് അനിയന്‍ പറഞ്ഞു.
ഫെബ്രുവരി പത്തിന് നാട്ടിലേക്ക് വരുന്നതിനായി പുറപ്പെട്ട സംഘം മദ്യപിക്കാനായി പോയപ്പോള്‍ വഴി തെറ്റി പിന്നീട് ശ്രീധരന്‍ കുളത്തില്‍ വീണുവെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കൂടുതല്‍ പരിശോധനകള്‍ക്കായി ശ്രീമംഗലം പൊലീസിന്റെ പക്കലുള്ള രേഖകളുടെ പകര്‍പ്പ് കേരള പൊലീസ് വാങ്ങിയിട്ടുണ്ട്.
Post Your Comments