കൊച്ചി: ‘യുവം 2023’ വേദിയിൽ പങ്കെടുത്ത് മലയാള സിനിമയിലെ താരങ്ങളും ഗായകരും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം കോൺക്ലേവിൽ സ്റ്റീഫൻ ദേവസി, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, നവ്യ നായർ, അപർണ ബാലമുരളി തുടങ്ങിയവർ പങ്കെടുത്തു. രാഷ്ട്രീയത്തിന് അതീതമായി വിവിധ രംഗങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരുപാടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ പൂർണമായും കേന്ദ്ര ഏജൻസികൾക്കാണ്. ‘യുവം 2023’ വേദിയിലേക്ക് നരേന്ദ്ര മോദി എത്തിയത് റോഡ് ഷോയ്ക്ക് പിന്നാലെയാണ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാവുകയാണ്. ‘നെഞ്ചു വിരിച്ച് ആണൊരുത്തൻ ഇതു പോലെ നടന്നാൽ തീരാവുന്നതേയുള്ളൂ കേരളത്തിലെ സുരക്ഷാ ഭീഷണിയൊക്കെ’, പ്രധാനമന്ത്രിയുടെ വീഡിയോ പങ്കുവെച്ച് അനൂപ് ആന്റണി ഫേസ്‌ബുക്കിൽ കുറിച്ചു. ‘ആറാം തമ്പുരാൻ’ എന്നാണ് സന്ദീപ് വാര്യർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.
അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷ കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തത് കേരളാ ആഭ്യന്തര വകുപ്പിനും ഒപ്പം കേരളത്തിലെ ക്രമസമാധാനത്തിനും കുറച്ചിലായെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ചോർച്ച വിവാദമായതോടെ സംസ്ഥാന ഇന്റലിജൻസ് വീണ്ടും തയാറാക്കിയ സുരക്ഷാ പദ്ധതി എസ്പിജി അംഗീകരിച്ചിട്ടില്ല. പകരം കൂടുതൽ എസ്പിജി, സായുധസേനാ വിഭാഗത്തിനെ ഉപയോഗിക്കാനായിരുന്നു നിർദ്ദേശം. ഭീകരാക്രമണ ഭീഷണി ഉള്ളതിനാൽ ഐബിയുടെ ഡെപ്യൂട്ടി ചീഫ് തലസ്ഥാനത്തും മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലും എത്തിയിട്ടുണ്ട്.
കരഘോഷങ്ങളും മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് മോദിയെ വരവേറ്റിരിക്കുന്നത്. കൊച്ചിയില്‍ റോഡ് ഷോ നടത്തിയാണ് പ്രധാനമന്ത്രി യുവം വേദിയിലെത്തിയത്. ആദ്യം കാല്‍നടയായും പിന്നീട് വാഹനത്തിലുമായി പ്രധാനമന്ത്രി, റോഡരികില്‍ നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു. വെണ്ടുരുത്തി പാലം മുതല്‍ തേവര കോളജ് വരെയായിരുന്നു റോഡ് ഷോ. ഇതിന് പിന്നാലെ യുവതീ യുവാക്കളെ അഭിസംബോധന ചെയ്തു.
‘കഴിഞ്ഞുപോയ കാലങ്ങളില്‍ കേരളത്തിലെ യുവാക്കള്‍ക്ക് പുതിയ അവസരങ്ങൾ നല്‍കാന്‍ ഇവിടെ പരിശ്രമങ്ങള്‍ ഉണ്ടായില്ല. രണ്ട് തരം ആശയങ്ങള്‍ തമ്മിലുള്ള യുദ്ധം കേരളത്തിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരു ആശയക്കാര്‍ കേരളത്തിന്‍റെ താല്‍പര്യത്തിനും മുകളില്‍ പാര്‍ട്ടിയെ സ്ഥാപിക്കുന്നു. മറ്റൊരു കൂട്ടർ അവരുടെ കുടുംബതാല്‍പര്യങ്ങളെ മറ്റെല്ലാറ്റിനേക്കാളും മുകളില്‍ നിര്‍ത്തുന്നു. ഈ രണ്ട് കൂട്ടരും ഇവിടെ അക്രമവും അഴിമതിയും പ്രോത്സാഹിപ്പിക്കുന്നു’, പ്രധാനമന്ത്രി യുവം സംവാദപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
Post Your Comments