കോട്ടയം: അടുത്ത തവണ കേരളത്തിൽ ബി.ജെ.പി ഭരണത്തിൽ വരുമെന്ന് ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്. താൻ ബി.ജെ.പിയിൽ പോകുമോയെന്ന് പറയാറായിട്ടില്ലെന്നും ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പി സി ജോർജ് പറഞ്ഞു. വിക്ടർ ടി തോമസിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിക്കവെയാണ് തന്റെ ചുവടുമാറ്റത്തെക്കുറിച്ചും പി സി സൂചന നൽകിയത്.
‘കേരളം അടുത്ത തവണ ബി.ജെ.പിയുടെ കൈകളിലേക്ക് പോകും. ഞാൻ ബി.ജെ.പിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. എന്റെ കാര്യം ഞാൻ ചർച്ച ചെയ്ത് തീരുമാനിക്കും. നിങ്ങളെ അറിയിച്ചിട്ടേ ബി.ജെ.പിയിലേക്ക് പോകൂ’, എന്നായിരുന്നു പി.സി ജോർജിന്റെ പ്രതികരണം. വിക്ടർ ടി തോമസിന്റെ ബിജെപി പ്രവേശനം നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും നാളെ ക്രൈസ്തവ നേതാക്കൾ മാത്രമല്ല, കൂട്ടത്തോടെ ആളുകൾ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.
അതേസമയം, കേരളാ കോൺഗ്രസിൽ നിന്ന് പുറത്തുപോയ വിക്ടർ ടി തോമസ് ബി.ജെ.പിയിൽ ചേർന്നു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പത്തനം തിട്ട മുൻ ജില്ലാ പ്രസിഡന്റായിരുന്നു വിക്ടർ തോമസ്. പ്രകാശ് ജാവദേക്കർ അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. തുടർന്ന് പാർട്ടി അംഗത്വവും സ്വീകരിച്ചു. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്ന വിക്ടർ ടി തോമസ്, കഴിഞ്ഞ ദിവസമാണ് കേരളാ കോൺഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവെച്ചൊഴിഞ്ഞത്.
Post Your Comments