News

ആ നാണക്കാരിയില്‍ നിന്ന് ഇന്നത്തെ ധീരവനിതയിലേക്ക്, കെ.കെ ശൈലജയുടെ അത്മകഥ

മലയാളികള്‍ കാത്തിരിക്കുന്ന ആത്മകഥയുടെ പ്രകാശനം നിര്‍വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ.കെ ശൈലജയുടെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങുന്നു. പാര്‍ട്ടിയ്ക്കുള്ളിലും ഭരണരംഗത്തും താന്‍ നേരിട്ട അനുഭവങ്ങളാണ് ആത്മകഥയായ ‘മൈ ലൈഫ് ആസ് എ കോമ്രേഡില്‍ (ഒരു സഖാവെന്നനിലയില്‍ എന്റെ ജീവിതം) അവര്‍ തുറന്നെഴുതിയിരിക്കുന്നത്.

Read Also: വയനാട്ടിൽ കാർ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം : മൂന്നുപേർക്ക് ദാരുണാന്ത്യം

ആത്മകഥ ഡല്‍ഹി കേരളാ ഹൗസില്‍ ഏപ്രില്‍ 28 വെള്ളിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. നാണിച്ചുനിന്നിരുന്ന ഒരു പെണ്‍കുട്ടി അധ്യാപികയായതും പിന്നീട് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം ചെയ്തതും മന്ത്രിയെന്ന നിലയില്‍ നടത്തിയ സ്തുത്യര്‍ഹമായ സേവനവുമെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ആത്മകഥ ഒരുക്കിയിരിക്കുന്നത്. നിപ്പയും കോവിഡും ധീരതയോടെ നേരിടാന്‍ ശൈലജയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകള്‍ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തന്റെ നാട്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചതിനെക്കുറിച്ചും ശൈലജയുടെ മുത്തശ്ശിയും അമ്മാവന്മാരും അന്ന് നിലനിന്നിരുന്ന സാമൂഹിക വിപത്തുകള്‍ക്കെതിരെ നടത്തിയ പോരാട്ടത്തെക്കുറിച്ചും ആത്മകഥയില്‍ വിശദമായി വിവരിക്കുന്നുണ്ട്. എം കെ കല്യാണിയാണ് ശൈലജയുടെ മുത്തശ്ശി. പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടക്കാന്‍ ശൈലജയ്ക്ക് വലിയ പ്രചോദനം തന്നെയായിരുന്നു അവര്‍. അക്കാലത്ത് നിലനിന്നിരുന്ന ചില സാമൂഹിക മാനദണ്ഡങ്ങളെ മുത്തശ്ശി സ്വയം ലംഘിച്ചിരുന്നു.

തന്റെ വ്യക്തിജീവിതത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെ പല വശങ്ങളെയും സ്പര്‍ശിക്കുന്നതാണ് ആത്മകഥയെന്ന് ശൈലജ പറഞ്ഞു. ഇംഗ്ലീഷില്‍ തയ്യാറാക്കിയ ആത്മകഥ ഡല്‍ഹിയിലെ ജഗര്‍നെറ്റ് പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

മലയാളപരിഭാഷ എഴുത്തുകാരി എസ് സിത്താര തയ്യാറാക്കുന്നുണ്ട്. ആരോഗ്യമന്ത്രിയായ സമയത്ത് പ്രസാധകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അനുഭവങ്ങള്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയതെന്ന് ശൈലജ പറഞ്ഞു. സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയ മുതിര്‍ന്ന സിപിഎം നേതാക്കള്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button