തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. പിന്നാലെ, സർക്കാരിനെയും സർക്കാർ നടപടിയെയും വിമർശിച്ച് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. നിത്യവൃത്തിക്കായി ക്യാമറ കെണിയൊരുക്കി കാത്തിരിക്കുന്ന ഒരു സർക്കാർ ഭൂലോകത്തിൽ വേറെ കാണുമോ എന്നായിരുന്നു ചെന്നിത്തല ചോദിച്ചത്.
സർക്കാരിനെ വിമർശിച്ച രമേശ് ചെന്നിത്തലയെ പരിഹസിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി രംഗത്ത്. ഇപ്പോൾ കേരളം നടപ്പാക്കാൻ ശ്രമിക്കുന്നത് കേന്ദ്രം കൊണ്ടുവന്ന തീരുമാനമാണെന്നും, കേരളം അത് ഏറ്റെടുത്ത് നടപ്പാക്കുന്നത് അഭിനന്ദാർഹമാണെന്നും ജസ്ല ചൂണ്ടിക്കാട്ടി. നിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത് ജനങ്ങളുടെ സുരക്ഷക്ക് ആണെന്ന് മനസ്സിലാക്കാൻ കെൽപ്പില്ലാത്ത പ്രതിപക്ഷമായല്ലോ കേരളത്തിലുള്ളത് എന്നാണ് ജസ്ല പരിഹസിക്കുന്നത്.
‘നല്ലതു ആര് ചെയ്താലും അംഗീകരിക്കാൻ കഴിയണം. നിങ്ങൾ ചെയ്താൽ അംഗീകരിക്കും രമേശ് ജി. അവര് ചെയ്താലും അംഗീകരിക്കും.
ഫൈൻ കിട്ടുന്ന പ്രശ്നമല്ല, ട്രാഫിക് നിയമങ്ങളിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളാവുകയും അപകട മരണങ്ങൾ കുറയുകയും ചെയ്യും. പിന്നെ പലരുടെയും ചോദ്യം ഇതാണ്, കുഞ്ഞുങ്ങളെ പോലും ബൈക്കിൽ കയറ്റാൻ പാടില്ലെന്ന് (അതായത് 2 ഇൽ കൂടുതൽ ആളുകൾ ) പറയുന്നത് സാധാരണക്കാരെ വലയ്‌ക്കാനല്ലേ എന്നത്. സംഭവം ശെരിയാണ്, പക്ഷെ ട്രാഫിക് നിയമം 3 പേർ പോകാൻ അനുവദിക്കുന്നില്ല. അതു സുരക്ഷയെ മാനിച്ചാണ്, അത് മനസ്സിലാക്കേണ്ടതും അതിനനുസരിച്ചു സൊല്യൂഷൻ കാണേണ്ടതും നമ്മളാണ്’, ജസ്ല ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments