ഇന്ത്യയിൽ ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. ഇത്തവണ രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് റീട്ടെയിൽ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. ആപ്പിൾ സിഇഒ ടിം കുക്കാണ് ഡൽഹിയിലെ സ്റ്റോറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. സാകേതിലെ സെലക്ട്സിറ്റി വാക്ക് മാളിന്റെ ഒന്നാം നിലയിലാണ് സ്റ്റോർ സ്ഥിതി ചെയ്യുന്നത്.
ഏപ്രിൽ 18- നാണ് മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ ആപ്പിളിന്റെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചത്. മുംബൈയിലുള്ള സ്റ്റോറുമായി താരതമ്യം ചെയ്യുമ്പോൾ, ഡൽഹിയിലെ സ്റ്റോറിന്റെ വലിപ്പം താരതമ്യേന കുറവാണ്. സ്റ്റോറിൽ 18 വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള 70 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവരിൽ പകുതിയും സ്ത്രീകളാണ്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് 15 ഭാഷകളിൽ സംസാരിക്കാൻ കഴിയുന്നതാണ്. വരും വർഷങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. നിലവിൽ, ഐഫോൺ ഉൽപ്പാദന രംഗത്തും വിപണന രംഗത്തും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്.
Post Your Comments