Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഭക്ഷണത്തില്‍ മാത്രമല്ല മുസ്ലീ സ്ത്രീകളുടെ വസ്ത്രധാരണത്തിലും തരംതിരിവ് ഉണ്ട്, അത് സത്യമല്ലേ? ബിന്ദു അമ്മിണി

ഭക്ഷണത്തില്‍ മാത്രമല്ല മുസ്ലീ സ്ത്രീകളുടെ വസ്ത്രധാരണത്തിലും തരംതിരിവ് ഉണ്ട്, പര്‍ദ്ദയും മഫ്തയും, ബുര്‍ഖയും ഒക്കെ ധരിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ ഇസ്ലാമിക് വസ്ത്രമായ കഴുത്തു മുതല്‍ കാല് വരെ നീളുന്ന ഡ്രസ്സ് ധരിച്ചു കാണുന്നില്ല, മുസ്ലിം സ്ത്രീകള്‍ക്ക് വസ്ത്ര സ്വാതന്ത്ര്യമില്ല എന്നത് സത്യമല്ലേ? ബിന്ദു അമ്മിണി

കോഴിക്കോട്: എല്ലാ മതങ്ങളിലും വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഹിന്ദു മതത്തിലും ഇസ്ലാം മതത്തിലും മാത്രമാണ് ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം ഞങ്ങളുടെ ക്രിസ്തു ) മതത്തില്‍ വിവേചനം ഇല്ല എന്ന് പോസ്റ്റുകള്‍ കണ്ടിരുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ ആര്‍ത്തവ സമയത്തു അല്‍ത്താരയില്‍ പ്രവേശനം ഇല്ല എന്നത് ബോധപൂര്‍വ്വം മറന്നതാണോ എന്ന് ബിന്ദു അമ്മിണി ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നടി നിഖില വിമലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. എല്ലാ മതങ്ങളിലെയും ദുരാചാരങ്ങളേയും അവര്‍ തന്റെ പോസ്റ്റില്‍ എടുത്ത് പറയുന്നുണ്ട്.

Read Also: നരേന്ദ്ര മോദിയോട് എന്താണ് ചോദിക്കാനുള്ളത് എങ്കില്‍ മുക്കിലും മൂലയിലും മൈക്ക് കെട്ടി ചോദിക്കണ്ട,പകരം നേരിട്ട് ചോദിക്കാം

‘എല്ലാ മതങ്ങളിലും വിവേചനം നിലനില്‍ക്കുന്നുണ്ട്’

‘മതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ നൂറ്റാണ്ടുകള്‍ ആയി പിന്തുടരുന്നവയോ വളരെ അടുത്ത് രൂപപ്പെട്ടു വന്നവയോ ആണ്.
ഇന്ത്യ ഒരു മത നിരപേക്ഷ രാഷ്ട്രമാണ്. എന്ന് വെച്ചാല്‍ മതങ്ങളില്‍ വിശ്വസിക്കുന്നവരെയും വിശ്വസിക്കാത്തവരെയും ഒരേ പോലെ കാണുന്ന രാജ്യം. സെക്യുലറിസം ഭരണഘടനയില്‍ ഉള്‍ചേര്‍ത്തിരിക്കുകയും അത് ബേസിക് സ്ട്രക്ചര്‍ ആയിരിക്കുകയും ചെയ്യുന്ന ഭരണഘടന ഉള്ള രാഷ്ട്രം. മത സ്വാതന്ത്ര്യം മൗലിക അവകാശമായി ചേര്‍ത്തിരിക്കുന്ന ഭരണഘടന നിയമ വാഴ്ചയെ അത്യധികം പ്രാധാന്യത്തോടെ മുന്നോട്ട് വെക്കുന്നു’.

‘നിയമ വാഴ്ച്ചക്ക് മുകളില്‍ മതത്തെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയും അനാചാരങ്ങളും വിവേചനങ്ങളും ഊട്ടി ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും അത് ചോദ്യം ചെയ്യപ്പെടും. ഏറിയും കുറഞ്ഞും എല്ലാ മതങ്ങളിലും വിവേചനം കാണാന്‍ കഴിയും.
എന്റെ അമ്മ പണിക്കു പോയ നായര്‍ വീടുകളില്‍ കുഴി കുത്തി അതില്‍ ഇട്ട ഇലയില്‍ കഞ്ഞി കുടിച്ചിട്ടുണ്ട്. തൊട്ട്കൂടായ്മയും തീണ്ടി കൂടായ്മയും കൊടി കുത്തി വാണ സമയത്ത് അത് നടന്നിരുന്നു എന്ന് കരുതി ഇന്ന് അങ്ങനെ ചെയ്താല്‍ മനുഷ്യത്വവും ജനാധിപത്യ ബോധവും ഉള്ളവര്‍ പ്രതികരിക്കും’.

‘ഇത്തരം അനാചാരങ്ങളെ കുറിച്ച് പറയുമ്പോള്‍ മറ്റ് മതങ്ങളെ കുറിച്ച് എന്തെ പ്രതികരിക്കാത്തത് എന്നതിന് എന്ത് പ്രസക്തി ആണ് ഉള്ളത്. വിവേചനങ്ങള്‍ ചൂണ്ടി കാണിക്കുമ്പോള്‍ അതിന് മറ്റ് മതങ്ങള്‍ മഹത്തരമാണ് എന്ന ധ്വനി ഉണ്ടെന്നു തോന്നുന്നില്ല.
ഹിന്ദു മതത്തിലും ഇസ്ലാം മതത്തിലും മാത്രമാണ് ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം ഞങ്ങളുടെ ക്രിസ്തു ) മതത്തില്‍ വിവേചനം ഇല്ല എന്ന് പോസ്റ്റുകള്‍ കണ്ടിരുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ ആര്‍ത്തവ സമയത്തു അല്‍ത്താരയില്‍ പ്രവേശനം ഇല്ല എന്നത് ബോധപൂര്‍വ്വം മറന്നതാവാം’.

‘ദളിത് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക പള്ളി ഇങ്ങു കേരളത്തിലും ഉണ്ട്. ക്‌നാനായ ക്രിസ്ത്യാനി ദളിത് ക്രിസ്ത്യാനിയെ വിവാഹം ചെയ്യാറുണ്ടോ, സ്ത്രീകള്‍ (കന്യാ സ്ത്രീകള്‍ )അന്ത്യകൂദാശ കൊടുക്കാറുണ്ടോ, ചൂണ്ടി കാണിക്കാന്‍ നൂറായിരം ഉണ്ട്’.

‘ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം ഏറിയും കുറഞ്ഞും എല്ലാ മതങ്ങളിലും കാണുന്നുണ്ട്. വിവേചനം കുറഞ്ഞ അളവില്‍ പ്രാക്ടീസ് ചെയ്യുന്ന മതം മഹത്തരം എന്നൊന്നും ഇല്ല. വിവേചനം വിവേചനം തന്നെ ആണ്. അത് 50 വയസ്സ് വരെ ഉള്ള സ്ത്രീകളെ ശബരിമല കയറുന്നതില്‍ നിന്നു തടയുന്നതും. ആ വിഷയത്തില്‍ സ്ത്രീകള്‍ കയറേണ്ടതില്ല എന്ന് നിലപാട് സ്വീകരിച്ചവര്‍ ആര്‍ത്തവ സമയത്തു കറിവേപ്പില നുള്ളുന്നതിനെ കുറിച്ച് വ്യാകുലപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രതികരിക്കാന്‍ ഉള്ള അവകാശത്തില്‍ കൈ നടത്തുമ്പോള്‍ പ്രതികരിക്കാതെ ഇരിക്കാനാവില്ല. അടുക്കള ഭാഗത്തു ഇരുന്ന് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യട്ടെ. അത് അവരുടെ തെരെഞ്ഞെടുപ്പാണ്. പക്ഷേ അടുക്കള ഭാഗത്തു മാത്രം ഇരിക്കാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ക്കും മറ്റുള്ളവരെ പോലെ ഒരേ ഭക്ഷണം അല്ലെ ലഭിക്കുന്നത് അതുകൊണ്ട് വിവേചനം ഇല്ല എന്ന് പറയുമ്പോള്‍ ഇരുട്ട് കൊണ്ട് ഓട്ട അടക്കാന്‍ ശ്രമിക്കരുത് എന്ന് പറയാതെ വയ്യ. എല്ലാവര്‍ക്കും ഒപ്പം ഇരുന്നു കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സ്വാതന്ത്ര്യം ഉണ്ടായിരിക്കണം’.

‘പര്‍ദ്ദ സ്വന്തം ഇഷ്ടപ്രകാരം ധരിക്കുന്നതിനെ എതിര്‍ക്കേണ്ട യാതൊരാവശ്യവും ഇല്ല. അതെ സമയം ബിക്കിനി ധരിക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തെ അവര്‍ മാനിച്ചു കൊടുക്കേണ്ടതുണ്ട്. എക്‌സ്‌പോസ്ഡ് ആയ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികളെ ബഹുമാനത്തോടെ തന്നെ കാണുന്ന ആണ്‍കുട്ടികളെ പഠിപ്പിക്കുന്ന നിയമ കലാലയത്തിലെ അധ്യാപിക ആണ് ഞാന്‍. എന്റെ കുട്ടികള്‍ കഴുകന്‍മാരെ പോലെ നോട്ടം കൊണ്ട് ശരീരം കൊത്തിവലിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. സഹപാടികളോട് സ്‌നേഹവും ആദരവും പുലര്‍ത്തുന്ന പുതുതലമുറ പ്രതീക്ഷ ആണ്. എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരി മത വിശ്വാസിയും പുരോഗമന ചിന്താഗതി പുലര്‍ത്തുന്ന ആളുമാണ്. എന്നാല്‍ വിവാഹ ശേഷം കറുത്ത കളറില്‍ ഉള്ള മഫ്ത മാത്രമേ ധരിക്കാവൂ എന്ന നിബന്ധന ഭര്‍തൃ വീട്ടുകാര്‍ മുമ്പോട്ട് വെക്കുകയും അത് ചെയ്യാന്‍ നിര്‍ബന്ധിത ആകുകയും ചെയ്തത് നേരിട്ടറിയാം. എത് കളറില്‍ ഉള്ള മഫ്ത ധരിച്ചാല്‍ എന്താണ് പ്രശ്‌നം എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയിട്ടില്ല’.

 

‘ഇസ്ലാമിക് വസ്ത്രമായ പര്‍ദ്ദയും മഫ്തയും, ബുര്‍ഖയും ഒക്കെ ധരിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ ഇസ്ലാമിക് വസ്ത്രമായ കഴുത്തു മുതല്‍ കാല് വരെ നീളുന്ന ഡ്രസ്സ് ധരിച്ചു കാണുന്നില്ല. പുരുഷന്മാര്‍ ആധുനിക വസ്ത്രമായ ടി ഷര്‍ട്ട്, പാന്റ്‌സ് ഒക്കെ ധരിച്ചു നടന്നു സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ കൈ നടത്തുന്നു. മുഹമ്മദ് നബിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാര്യക്ക് നബിയേക്കാള്‍ 15 വയസ്സ് കൂടുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ വയസ്സില്‍ കൂടിയത് പോകട്ടെ അടുത്ത് വരുന്ന പ്രായത്തിലുള്ളവരെ പോലും വിവാഹം ചെയ്യാന്‍ മുസ്ലിം പുരുഷന്‍ മാരില്‍ അധികവും തയ്യാറല്ല. അപൂര്‍വ്വമായി ഇല്ല എന്നല്ല’.

‘സ്വത്തവകാശവുമായി ബന്ധപ്പെട്ടു നോക്കിയാലോ, ഒരു മതങ്ങളിലും സ്വത്തില്‍ സ്ത്രീകള്‍ക്ക് അവകാശം ഇല്ലാതെ ഇരുന്ന 1500 വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ പുരുഷന് ലഭിക്കുന്നതിന്റെ പകുതി ( വിവാഹ സമയത്തു നല്‍കുന്ന സ്വര്‍ണവും മറ്റും കൂടാതെ )നല്‍കണം എന്ന് നിഷ്‌കര്‍ഷിച്ചിരുന്ന മതമാണ് ഇസ്ലാം. എന്നാല്‍ 1500 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റ് മതങ്ങളിലെല്ലാം തുല്യ അവകാശം ലഭിച്ചിട്ടും കൂട്ടു കുടുംബത്തിന്റെ സുരക്ഷിതത്വമൊക്കെ പോയി അണു കുടുംബത്തിലേക്ക് മാറിയപ്പോഴും പഴയ സ്ഥിതി മാറ്റാന്‍ തയ്യാറല്ല എന്ന് പറയുമ്പോള്‍ അത് വിവേചനം എന്ന് അല്ലാതെ എന്താണ് പറയുക’.

‘ഞാന്‍ കര്‍ഷക സമരത്തിനിടക്ക് മുസാഫര്‍ നഗറില്‍ ഉള്ള ഒരു കര്‍ഷക നേതാവിന്റെ വീട്ടിലാണ് കുറച്ചു ദിവസം താമസിച്ചത്. അവിടെ ചെടി ചട്ടികളില്‍ നിറയെ തുളസികള്‍. എല്ലാം പൂവിട്ടു നില്കുന്നു. ഞാന്‍ ആ വീട്ടിലെ ദീദിയോട് അതൊക്കെ നുള്ളിക്കളയാം കൂടുതല്‍ തളിര്‍ത്ത് വളരും എന്നു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി ഒരു ചട്ടിയിലെ മുഴുവന്‍ പൂവും നുള്ളിക്കളഞ്ഞു. പെട്ടെന്ന് അവര്‍ ഒരു ശബ്ദം പുറപ്പെടുവിച്ചു. എന്തോ അത്യാഹിതം സംഭവിച്ചതായി ഞാന്‍ കരുതി. അപ്പോഴാണ് അവര്‍ പറയുന്നത് ഞായറാഴ്ച തുളസിയില്‍ തൊടാന്‍ പാടില്ലത്രേ. അതിന് പിന്നില്‍ എന്ത് ശാസ്ത്രീയത ആണ് എന്ന് മനസ്സിലാവുന്നില്ല. പക്ഷേ ആ സംഭവം അവരില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല’.

‘ഇപ്പോഴും ആര്‍ത്തവ സമയത്തു ഒറ്റയ്ക്കു ആര്‍ത്തവ പുരകളില്‍ കഴിഞ്ഞു പാമ്പ് കടിയേറ്റ് മരിച്ച കൗമാരക്കാരുടെ വാര്‍ത്തകള്‍ കാണുമ്പോള്‍ അത് ചോയ്‌സ് എന്ന് പറഞ്ഞു തള്ളിക്കളയാന്‍ ആവില്ല. കുറ്റകൃത്യമായി തന്നെ കാണേണ്ടതാണ്.
കാലം മുന്നോട്ട് ആണ് പോകുന്നത് സ്ത്രീകളുടെ അവയവങ്ങളുടെ വലുപ്പം നോക്കി വിലയിട്ട് അടിമകള്‍ ആക്കി വിറ്റിരുന്ന കാലത്ത് നിന്നും തുല്യതയിലേക്ക് നീങ്ങുന്ന ലോക ക്രമത്തില്‍ വിവേചനത്തെ കുറിച്ച് ആകുലരാവുക തന്നെ ചെയ്യും. സ്ത്രീകള്‍ മാത്രമായി ഉള്ള ഇടങ്ങള്‍ അവരുടെ സംരക്ഷണത്തിന് അനിവാര്യമായിരുന്ന കാലത്ത് നിന്നും ഒരു പാട് ദൂരം പിന്നിട്ടു കഴിഞ്ഞു’.

‘രാജാക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും വേണ്ടി സ്ത്രീകളെ പാര്‍പ്പിച്ചിരുന്ന, അന്തപുരങ്ങളും, ദേവദാസി സമ്പ്രദായവും തുടരണമെന്ന് ആവശ്യപ്പെടാന്‍ ‘ധൈര്യം ‘ ഉള്ളവര്‍ ഇപ്പോഴും ഉണ്ടെങ്കില്‍ അത്തരക്കാരെ ജയിലിടക്കുകയാണ് ചെയ്യേണ്ടത്.
U.P, ബീഹാര്‍ എന്നിവിടങ്ങളില്‍ ഉള്ള പഷ്മന്ത മൂവ്‌മെന്റ് ആദിവാസി, ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്തവരുടെ ആണ്. മുഴുവന്‍ മുസ്ലിം ജനസംഖ്യയില്‍ 20 ശതമാനത്തില്‍ താഴെ മാത്രം വരുന്ന മുന്നോക്ക പരിവര്‍ത്തിത മുസ്ലിങ്ങളുടെ മേല്‍ക്കോയ്മക്കെതിരെ ഉള്ള മൂവ്‌മെന്റ് ആണ് പഷ്മന്ത മൂവ്‌മെന്റ്’.

‘നിയമപരമായി കുറ്റ കൃത്യം ആയതിനെ തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞു ലളിത വത്കരിക്കുന്നില്ല.
എന്നാല്‍ നിയമപരമായി കുറ്റകൃത്യം അല്ലാത്തതും, മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കാത്തതുമായ പ്രാക്ടിസുകള്‍ സ്വയം തെരഞ്ഞെടുക്കുന്നു എങ്കില്‍ അതില്‍ കൈകടത്തണം എന്ന അഭിപ്രായം മുന്നോട്ട് വെക്കുന്നില്ല’.

‘ക്ഷേത്രങ്ങളിലെ വിവേചനത്തെക്കുറിച്ചു പറയുമ്പോള്‍ പള്ളികളിലെ വിവേചനം ആദ്യം അവസാനിപ്പിച്ചിട്ടു വരൂ എന്ന് പറയുന്നതിനോട് സമരസപ്പെടാന്‍ ആവില്ല. തുല്യത യുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഒരു ഭരണഘടന നില നില്‍ക്കുന്ന രാജ്യത്ത് തുല്യതക്കു വേണ്ടി ഇടപെടല്‍ നടത്തുന്നവര്‍ക്ക് ഒപ്പം നില്‍ക്കും. എന്നാല്‍ ഭരണഘടനയെ കൂട്ട് പിടിച്ചുകൊണ്ടു മത സ്വാതന്ത്ര്യം കവര്‍ന്നെടുത്ത് പകരം ഏക സിവില്‍ കോഡ് എന്ന് പറഞ്ഞു ഹിന്ദു കോഡ് കൊണ്ട് വന്നു ഹിന്ദു രാഷ്ട്രം നിര്‍മ്മിക്കാന്‍ ഉള്ള ഒളിച്ചു കടത്തലിന് എതിരെ ജാഗ്രത പാലിക്കുകയും ചെയ്യും’.

‘മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ കഴിയുന്ന സമത്വ സുന്ദരമായ ഒരിന്ത്യയ്ക്ക് വേണ്ടി നില കൊള്ളുക എന്നത് തന്നെ ആണ് നിലപാട്.
ഒരു മതവും മറ്റൊരു മതത്തേക്കാള്‍ മഹത്തരം എന്ന നിലപാടും ഇല്ല. മതത്തില്‍ വിശ്വസിക്കുന്നവരോട് വിദ്വേഷമോ സ്പര്‍ദ്ദയോ വെച്ചു പുലര്‍ത്തുന്നവരോടും താല്പര്യം ഇല്ല. എന്നാല്‍ ആധുനിക ശാസ്ത്ര ബോധത്തിലൂന്നിയ നിലപാടില്‍ ജീവിക്കാന്‍ തന്നെയാണ് തീരുമാനം’.

‘പക്ഷേ വ്യക്തി സ്വാതന്ത്ര്യം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നതിനെ തടയിടുകതന്നെ വേണം. ചുരുക്കി പറഞ്ഞാല്‍ മാറ്റം അനിവാര്യമാണ്. വിദ്യാഭ്യാസവും ബോധനിലവാരവും വര്‍ദ്ധിച്ചു വരുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക മാറ്റങ്ങളെ അംഗീകരിക്കാന്‍ ഉതകുന്ന മാനസികാവസ്ഥയിലേക്ക് എല്ലാവരും എത്തിച്ചേരട്ടെ. ഭരണംകൂടത്തിന്റെ ചെലവില്‍ അന്തവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്.
നിഖില വിമലിന് ഒപ്പം’

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button