തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗുരുതര പിഴവ്. നയനയുടെ കഴുത്തില്‍ കാണപ്പെട്ട ഉരഞ്ഞ പാടിന്‍റെ നീളം രേഖപ്പെടുത്തിയതില്‍ പിഴവുണ്ടായതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. 31. 5 സെന്റിമീറ്റർ നീളത്തിൽ ഉരഞ്ഞ പാടുണ്ടെന്നായിരുന്നുവെന്നാണ് ഡോ. ശശികല തയ്യാറാക്കിയ പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാലിത് റിപ്പോര്‍ട്ട് ടൈപ്പ് ചെയ്തിതിലുണ്ടായ പിഴവെന്നാണ് ഡോക്ടർ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയായിരുന്ന ഡോ.ശശികല തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഗുരുതര പിഴവുണ്ടായത്.
നയനയുടെ കഴുത്തിൽ രണ്ട് ഉരഞ്ഞ പാടുകളുണ്ടെന്നായിരുന്നു റിപ്പോർട്ട്. 31.5 സെന്റിമീറ്റർ പാടും, 0.2x.2 സെൻിമീറ്ററുള്ള മറ്റൊരു പാടും. 31.5 സെൻറിമീറ്റർ പാടാണ് കൊലപാതക സംശയം ബലപ്പെടുത്തിയത്.
ലോക്കൽ പൊലിസോ, വിവാദമായതിന് ശേഷം ആദ്യ അന്വേഷണത്തിലെ പിഴവുകള്‍ പരിശോധിച്ച ഡിസിആർബി അസി.കമ്മീഷണറോ ഈ ഗുരുതരപിഴവ് കണ്ടെത്തിയില്ല. ഇപ്പോള്‍ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് നയനയുടെ മൃതദേഹത്തിന്റെ ഫോട്ടോ പരിശോധിച്ചപ്പോഴാണ് സംശയമുണ്ടായത്. കഴുത്തിൽ ഞെരിഞ്ഞമർന്നതിന്റെയോ മുറിക്കിയതിന്റേതോ ആയ സമാനമായ പാടുകള്‍ ഫോട്ടോയിലുണ്ടായിരുന്നില്ല. ഇതേ തുടർന്ന് പോസ്റ്റുമോർട്ടം വർക്ക് ബുക്ക് പരിശോധിച്ചു. ഈ കുറിപ്പിൽ നയനയുടെ കഴുത്തിലുണ്ടായിരുന്നത് 1.5 സെന്റിമീറ്റർ പാടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ.ശശികലയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ടൈപ്പ് ചെയ്തതിലെ പിഴവാണെന്ന് ഡോക്ടർ ക്രൈം ബ്രാഞ്ചിനിനോട് സമ്മതിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയും വ്യക്തമായ അനുമാനങ്ങളിലെത്താതെ പോയതുമാണ് നയനസൂര്യന്റെ മരണത്തിലെ ദുരൂഹതകള്‍ ആളി കത്തിക്കാൻ ഇടയാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെയും നിഗമനം.
Post Your Comments