തൃശൂർ : പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത്. പ്രതി രഞ്ജിത്തിന്റെ മരണം മർദ്ദനത്തെ തുടർന്നെന്നും, ആന്തരിക രക്തസ്രാവമാണ് മരണത്തിൽ കലാശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നതായി സൂചന. തലയിൽ മാരകമായി ക്ഷതമേറ്റു. ശരീരത്തിൽ 12ക്ഷതങ്ങൾ ഉണ്ടെന്നും സൂചനയുണ്ട്. കഴുത്തിലും,മുതുകിലും പരിക്കുണ്ട്, റിപ്പോർട്ട് നാളെ പോലീസിന് കൈമാറും. ഇതിനു ശേഷം തുടര്‍നടപടികൾ ഉണ്ടാകും. രഞ്ജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടിൽ തന്നെയാണ് എക്സൈസ് ഉദ്യോഗസ്ഥർ.
അതേസമയം റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കണ്ടിട്ടില്ല. കസ്റ്റഡിമരണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണോ അല്ലയോ എന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂവെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മലപ്പുറം സ്വദേശി രഞ്ജിത്തിനെ ഗുരുവായൂരിൽനിന്നും എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിൽ കഴിയവേ രഞ്ജിത്തിന് പെട്ടന്ന് അപസ്മാരം ഉണ്ടാകുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമാണ് എക്സൈസ് അറിയിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ പ്രതി മരിച്ചിരുന്നുവെന്നും ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.
Post Your Comments