പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത 13കാരിയായ സ്വന്തം മകളെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ 51കാരന് ശിക്ഷ ഉറപ്പാക്കിയത് ഇയാളുടെ സഹോദരിയുടെ നിശ്ചയദാർഢ്യം കൊണ്ട്. സ്വന്തം മകളോട് മറ്റെങ്ങും കാണാത്ത രീതിയിലുള്ള ക്രൂരത കാട്ടിയ ആൾ ഇനിയും പുറത്തിറങ്ങി നടക്കുന്നത് അപകടകരമെന്ന് ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട പോക്‌സോ കോടതി ഇയാൾക്ക് 78 വർഷം കഠിന തടവ് വിധിച്ചത്.
വിചാരണ വേളയിൽ പ്രതിയുടെ മാതാവും ഒരു സഹോദരിയും കൂറുമാറിയിരുന്നെങ്കിലും മറ്റൊരു സഹോദരി ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കാൻ പെൺകുട്ടിക്കൊപ്പം നിൽക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (3) പോക്‌സോ ആക്ട് വകുപ്പുകൾ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്ക് 78 വർഷം കഠിന തടവ് വിധിച്ചത്. 2,75,000 രൂപ പിഴയൊടുക്കണമെന്നും ഈ പണം പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.
പതിമൂന്നുകാരിയായ മകളെ ബന്ധുവീട്ടിലെത്തിച്ചാണ് പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയത്. 51കാരനായ പ്രതിയുടെ ഭാര്യ കൂടെയില്ലാത്ത സാഹചര്യത്തിൽ മകളെ ക്രൂരമായ ലെെംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ മദ്യപാനവും ലെെംഗിക വെെകൃതങ്ങളും കാരണം പെൺകുട്ടിയുടെ അമ്മ നേരത്തെ തന്നെ വീടുവിട്ടു പോയിരുന്നു.തുടർന്ന് പെൺകുട്ടി പിതൃമാതാവിനോടും പിതാവിൻ്റെ മൂത്ത സഹോദരിമാരോടും ഒപ്പമാണ് വീട്ടിൽ കഴിഞ്ഞു വന്നത്.
ഇളയ മകൾ എട്ടാംക്ലാസിൽ പഠിക്കുന്ന സമയം മുതൽ പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കുക പതിവായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പിതാവിനെ ഭയന്ന് പെൺകുട്ടി ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. ഒരു അവധിദിവസം മകളുമായി പിതാവ് ആളില്ലാത്ത ബന്ധുവീട്ടിലേക്ക് പോയി. മറ്റെന്തോ കാര്യത്തിന് പോകുന്നതെന്നാണ് ബന്ധുക്കൾ കരുതിയത്. അവിടെവച്ച് മകളെ പിതാവ് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ എതിർത്ത പെൺകുട്ടിയുടെ കവിളിൽ പ്രതി കുത്തിപ്പിടിക്കുകയും ചെയ്തു. ഈ പിടിയിൽ കവിൾ മുറിഞ്ഞു. ഒരു ദിവസം രാത്രി മുഴുവൻ പിതാവിൻ്റെ ക്രൂരതകൾക്കും ലെെംഗിക വെെകൃതങ്ങൾക്കും പെൺകുട്ടി ഇരയായി.
പിറ്റേന്ന് വീട്ടിലെത്തിയ പെൺകുട്ടിയുടെ കവിളിലെ മുറിപ്പാട് കണ്ട് പ്രതിയുടെ സഹോദരിക്ക് സംശയം തോന്നി. അവർ എന്താണ് സംഭവിച്ചതെന്ന് പെൺകുട്ടിയോട് ചോദിച്ചു. എന്നാൽ പെൺകുട്ടി ഇക്കാര്യങ്ങൾ അവരോട് പറഞ്ഞില്ല. പിതാവിനെ ഭയന്നായിരുന്നു പെൺകുട്ടി എല്ലാം ഒളിച്ചുവച്ചത്. തുടർന്ന് പിതൃസഹോദരി ടീച്ചർമാരെ വിവരമറിയിക്കുകയായിരുന്നു. ടീച്ചർമാരുടെ സ്നേഹപൂർവ്വമായ ചോദ്യം ചെയ്യലിലാണ് പിതാവിൻ്റെ ക്രൂരത പുറത്തുവന്നത്. അധ്യാപകർ അറിയിച്ചതനുസരിച്ച് പൊലീസ് പ്രതിക്ക് എതിരെ കേസെടുക്കുകയായിരുന്നു.
വിചാരണവേളയിൽ പെൺകുട്ടിയുടെ ഒരു സഹോദരിയും പ്രതിയുടെ മാതാവും കൂറുമാറി. എന്നാൽ മറ്റു തെളിവുകളും ബന്ധുക്കളുടെ മൊഴിയും നിർണായകമാകുകയായിരുന്നു. പ്രതിയുടെ ഒരു സഹോദരി പെൺകുട്ടിക്കൊപ്പം ഉറച്ചു നിന്നു. 346 (6) ഒഴികെയുള്ള ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിയിൽ പറഞ്ഞിട്ടുള്ളതിനാൽ പ്രതി 55 വർഷം കഠിനതടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴതുക പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും വിധിയിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments