സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും ട്രോളിനുമെല്ലാം വഴിവെച്ചിരിക്കുകയാണ് നടി നിഖില വിമലിന്റെ കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ചുള്ള വാക്കുകൾ. കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളിൽ ഇപ്പോഴും സ്ത്രീകൾ വിവേചനം നേരിടകുയാണെന്നും ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്ത് വെച്ചാണെന്നുമാണ് നിഖില വിമൽ തന്റെ പുതിയ ചിത്രം അയൽവാശിയുടെ പ്രചാരണത്തിനോടനുബന്ധിച്ചുള്ള അഭിമുഖത്തിനിടെ പറഞ്ഞിരുന്നത്. നടിയുടെ വാക്കുൾ ശരിവെച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയപ്പോൾ അതുപോലെ തന്നെ വിമർശങ്ങളും ഉയർന്നിട്ടുണ്ട്.
ചിലർ തങ്ങളുടെ അഭിപ്രായത്തിനൊപ്പം അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്. വിഷയത്തിൽ പ്രതികരിച്ച് യുക്തിവാദി നസീർ ഹുസ്സൈൻ രംഗത്ത്. ബീഫ് കഴിക്കുന്നത് കുറ്റമല്ല എന്ന് പറഞ്ഞ നിഖിലയെ അനുമോദിച്ച അതെ ആളുകൾ തന്നെ കണ്ണൂരിൽ വിവാഹങ്ങൾക്ക് സ്ത്രീകൾക്ക് ഭക്ഷണം വേറെ കൊടുക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ നിഖിലയെ വിമർശിക്കുന്നത് എന്റെ മതം മാത്രം നല്ലത് ബാക്കി ഉള്ളതെല്ലാം നമുക്ക് ശരിയാക്കി എടുക്കണം എന്നുള്ള മനസ്ഥിതിയുടെ പ്രശ്നമാണെന്ന് അദ്ദേഹം പറയുന്നു.
നസീർ ഹുസൈന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
“എന്നെപ്പോലുള്ള യുക്തിവാദികളുടെ കാര്യം കഷ്ടമാണ്. സിസ്റ്റർ അഭയയെ കുറിച്ചും ,ബിഷപ്പ് ഫ്രാങ്കോയുടെ ബലാത്സംഗ കേസിനെ കുറിച്ചും, കത്തോലിക്കാ സഭയിലെ അച്ചന്മാർ അമേരിക്കയിൽ നടത്തിയ ബാലപീഡനങ്ങളെ കുറിച്ചുമെല്ലാം എഴുതിയാൽ ക്രിസ്താനികളുടെ തെറിയും, ശബരിമല പ്രശ്നത്തിൽ സ്ത്രീകളെ അനുകൂലിക്കുകയും, ഹിന്ദു ക്ഷേത്രങ്ങളിൽ കൂടുതൽ കാന്തിക മണ്ഡലമൊന്നും ഇല്ലെന്ന് പറഞ്ഞതിനുമൊക്കെ ഹിന്ദുക്കളുടെ തെറിയും , മുസ്ലിം സ്ത്രീകളുടെ തുല്യ സ്വത്തവകാശത്തെ കുറിച്ചും , മദ്രസകളിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ച് പറയുമ്പോൾ മുസ്ലിങ്ങളുടെ തെറിയും കേൾക്കാൻ വിധിക്കപെട്ടവരാണ് ഞങ്ങൾ..”
ഒരു കൂട്ടുകാരനോട് മുസ്ലിം സമുദായത്തിൽ സ്ത്രീകൾക്ക് മൂന്നിൽ രണ്ടു ഭാഗം സ്വത്ത് മാത്രം ലഭിക്കുകയുള്ളൂ എന്നും, അതിനെതിരെ മേരി റോയ് സുപ്രീം കോടതിയിൽ പോയ പോലെ കുറച്ച് മുസ്ലിം സ്ത്രീകൾ കോടതിയിൽ കേസ് നടത്തുന്ന കാര്യമൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ പറഞ്ഞ ഒരു വാചകമാണ് മുകളിൽ.
“ശബരിമലയിൽ ആചാര സംരക്ഷണത്തിന് വേണ്ടി സ്ത്രീകളെ അകറ്റി നിർത്തുന്നതിന് ഞാൻ അനുകൂലമാണ്, പക്ഷെ മുസ്ലിം സ്ത്രീകൾക്ക് തുല്യമായി സ്വത്ത് വീതിക്കപെടുന്നില്ല എന്നത് എനിക്ക് ആലോചിക്കാനേ കഴിയുന്നില്ല , അത് കടുത്ത അനീതിയാണ്” എന്നായിരുന്നു സുഹൃത്തിന്റെ മറുപടി.
“മനുഷ്യാവകാശത്തെ കുറിച്ചും സ്ത്രീപുരുഷ തുല്യതയെ കുറിച്ചും പറയുന്നവർക്ക് , ശബരിമലയിൽ ഒരു ന്യായവും, മുസ്ലിം സ്വത്തവകാശ കേസിൽ മറ്റൊരു ന്യായവും എങ്ങിനെയാണ് സാധ്യമാവുക?” എന്ന് ഞാൻ അതിനു മറുചോദ്യം ഉന്നയിച്ചു.
ഓരോ മതത്തിലും ഉള്ളവർ സ്വന്തം മതത്തിൽ ഉള്ള പ്രശ്നങ്ങൾ കാണുന്നതിൽ വിമുഖത കാണിക്കുമ്പോൾ തന്നെ മറ്റു മതങ്ങളിലെ സ്ത്രീപുരുഷ തുല്യത ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ശരിയായ തീരുമാനം എടുക്കുന്നത് കാണുമ്പോൾ , എനിക്ക് തോന്നുന്നത് മനുഷ്യ അവകാശങ്ങളും തുല്യതയുമെല്ലാം സ്വാഭാവികമായി മനുഷ്യന് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളാണ് എന്നാണ്. ജനിച്ചത് മുതൽ തന്റെ മതത്തിലെ അനാചാരങ്ങൾ കണ്ടു വളരുന്ന ഒരാൾക്ക് അതൊക്കെ പ്രശ്നങ്ങളാണെന്ന് തോന്നുന്നില്ല, എന്നാൽ പുറത്ത് നിന്ന് മറ്റു മതങ്ങളിലേക്ക് നോക്കുമ്പോൾ സ്വാഭാവികമായും കാണുന്ന അനീതികൾ കണ്ണിൽ പെടുകയും ചെയ്യും. ഉദാഹരണത്തിന് ഞാൻ പാചകം ചെയ്യാൻ തുടങ്ങിയത് മുതലാണ് അടുക്കളയിൽ സ്ത്രീകൾ മാത്രം ജോലി എടുക്കുന്നതിന്റെ അനീതി എനിക്ക് ബോധ്യമായത്, അതുവരെ അമ്മമാർ അടുക്കളയിൽ ജോലി എടുക്കുന്നത് സ്വാഭാവികമായ ഒരു കാര്യമായാണ് എനിക്ക് അനുഭവപ്പെട്ടത്.
ബീഫ് കഴിക്കുന്നത് കുറ്റമല്ല എന്ന് പറഞ്ഞ നിഖിലയെ അനുമോദിച്ച അതെ ആളുകൾ തന്നെ കണ്ണൂരിൽ വിവാഹങ്ങൾക്ക് സ്ത്രീകൾക്ക് ഭക്ഷണം വേറെ കൊടുക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ നിഖിലയെ വിമർശിക്കുന്നത് മേല്പറഞ്ഞ എന്റെ മതം മാത്രം നല്ലത് ബാക്കി ഉള്ളതെല്ലാം നമുക്ക് ശരിയാക്കി എടുക്കണം എന്നുള്ള മനസ്ഥിതിയുടെ പ്രശ്നമാണ്. മുസ്ലിം വിവാഹത്തിൽ ഭക്ഷണ സമയത്ത് ആണുങ്ങളെയും പെണ്ണുങ്ങളെയും വേർതിരിച്ച് ഇരുത്തുന്നത് കൊച്ചിയിൽ ഒരിടത്തും ഞാൻ കണ്ടിട്ടില്ല , അതുകൊണ്ട് ഇതൊരു മതപരമായ കാര്യമാകാൻ ഇടയില്ല. (കേരളത്തിലെ മുസ്ലിങ്ങൾ പട്ടിയെ തൊടുകയോ വളർത്തുകയോ ചെയ്യില്ല എന്നത് കൊണ്ട് അതൊരു മതപരമായ കാര്യമാണ് എന്നൊക്കെ ധരിച്ച് തുർക്കി സന്ദർശിക്കാൻ പോയ എനിക്ക് കാണാൻ കഴിഞ്ഞത് മുസ്ലിം പള്ളിയുടെ കോമ്പൗണ്ടിൽ കിടന്നുറങ്ങുന്ന പട്ടികളെയും, അവയെ സ്നേഹത്തോടെ പരിപാലിക്കുന്ന മുസ്ലിങ്ങളെയുമാണ്. മതം പറഞ്ഞാലും ഇല്ലെങ്കിലും ആളുകൾ വിചാരിച്ചാൽ മാറ്റാൻ പറ്റാത്ത കാര്യങ്ങളൊന്നുമില്ല, ലൂപ്ഹോൾസ് ഇല്ലാത്ത മതമൊന്നും ലോകത്തില്ല)
എന്നാൽ മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്ക് സ്വന്തം ഭർത്താവിന്റെയോ മാതാപിതാക്കളുടെയോ പോലും ഖബറിടം പോയി കാണാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നുള്ളതും, വിവാഹ ചടങ്ങിൽ നേരിട്ടുള്ള പങ്കില്ല എന്നുള്ളതും, ഈയടുത്ത് ഭർത്താവ് മരിച്ച സ്ത്രീകളെ നിർബന്ധിച്ച് ഇദ്ദ ഇരുത്തുന്നു എന്നുള്ളതെല്ലാം ഇതിന്റെ കൂടെ കൂട്ടിവായിക്കേണ്ടതാണ്. ഭർത്താവും പെണ്ണിന്റെ ആൺ രക്ഷാകർത്താവും തമ്മിൽ കരാർ കൈമാറുന്ന മുസ്ലിം വിവാഹങ്ങൾ കണ്ടാൽ , ഖലീൽ ഇബ്രാഹിം എന്ന സുഹൃത്ത് ഒരു കമന്റിൽ എഴുതിയ പോലെ വിദേശങ്ങളിൽ നിന്ന് കേരളം കാണാൻ വന്ന ആളുകൾ അതൊരു ഗേ വിവാഹമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. കേരളത്തിലെ എല്ലാ മതങ്ങളിൽ പെട്ട പെണ്ണുങ്ങളുടെ കാര്യത്തിലും അടുക്കളയിലെ ജോലിയും കുട്ടികളെ നോക്കലും പെണ്ണുങ്ങളുടെ മാത്രം കാര്യമാണെന്നുള്ള പൊതുബോധവും മാറേണ്ടതുണ്ട്. ഇങ്ങിനെ എല്ലാ മതങ്ങളെയും ഉൾപ്പെടുത്തി എഴുതുന്നത് ന്യായികരിക്കാൻ അല്ല, മറിച്ച് മേല്പറഞ്ഞ എല്ലാ കാര്യങ്ങളും ഐക്യരാഷ്ട്രസഭ നടത്തിയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ലംഘനങ്ങളാണ് എന്നുള്ളത് കൊണ്ടാണ്. ഏതു മതമാണ് എന്നതല്ല പ്രശ്നം, “എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്ത്വവും അർഹിക്കുന്നവരുമാണ്” എന്ന് ആദ്യ വകുപ്പായി എഴുതിവച്ചിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് പ്രശ്നം.
ഐക്യരാഷ്ട്ര സഭ 1948 ൽ തന്നെ മുപ്പത് അടിസ്ഥാന മനുഷ്യാവകാശങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മതം ഏതായാലും താഴെ പറഞ്ഞിട്ടുള്ള അടിസ്ഥാന അവകാശങ്ങൾ നടപ്പിലാക്കാൻ വേണ്ടി ആയിരിക്കണം നമ്മുടെ പരിശ്രമം. ഇതിൽ പറഞ്ഞ പല മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതായത് കൊണ്ടാണ് പൗരത്വ ബില്ലിന്റെ കാര്യത്തിലും , ഉത്തർപ്രദേശിലെ പോലീസ് എൻകൗണ്ടറിലും എല്ലാം മനുഷ്യാവകാശ പ്രവർത്തകർ പ്രതികരിക്കുന്നത് എന്നത് കൂടി മുസ്ലിം സമൂഹം മനസിലാക്കണം.
Post Your Comments