തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്‌ലിം വിവാഹങ്ങളിൽ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതിയാണ് ഇപ്പോഴും ഉള്ളതെന്ന നടി നിഖില വിമലിന്റെ പ്രസ്താവനയെ പിന്താങ്ങിയും എതിർത്തും നിരവധി പേർ രംഗത്ത് വന്നിരുന്നു. നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നായിരുന്നു നിഖില പറഞ്ഞത്. ഈ പ്രസ്താവനയെ എതിർക്കുകയാണ് ഫാത്തിമ തഹ്‌ലിയ.
വിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം വേർതിരിവുകൾ വിവേചനമെന്നൊക്കെ പറഞ്ഞ് വിമർശിക്കുന്നത് ശരിയല്ലെന്നും ഈ രീതി എല്ലായിടത്തും ഉണ്ടെന്നും ഫാത്തിമ പറഞ്ഞു. നിഖിലയുടെ പ്രസ്താവനയോടനുബന്ധിച്ച് മനോരമ ന്യൂസിലെ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ഫാത്തിമയുടെ പ്രതികരണം. സ്ത്രീകളെ ഭക്ഷണം നൽകുന്ന സ്ഥലത്ത് നിന്ന് മാറ്റി നിർത്തി എന്നൊക്കെ പറയുന്നത് ശരിയല്ലെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
‘നിഖില അവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് സംസാരിക്കുന്നത്. സ്ത്രീകളെ ഭക്ഷണം നൽകുന്ന സ്ഥലത്ത് നിന്ന് മാറ്റി നിർത്തി എന്നത് വിവേചനമാണെന്ന് പറയരുത്. ഇത് മതപരമായ വിശ്വാസത്തിന്റെ പുറത്തുള്ള വേർതിരിവാണ്. വിവേചനമെന്ന് പറയണമെങ്കിലവർക്ക് ലഭിക്കുന്ന സൗകര്യങ്ങളിലും ഭക്ഷണങ്ങളിലും വ്യത്യാസം വരണമല്ലോ? ഇവിടെ അതില്ലല്ലോ? പുരുഷന് നൽകുന്ന ഭക്ഷണം തന്നെയല്ലേ സ്ത്രീയ്ക്കും ലഭിക്കുന്നത്. സൗകര്യത്തിനനുസരിച്ച് ആയിരിക്കും സ്ത്രീകൾക്ക് പുറകിൽ വേദിയൊരുക്കുന്നത്’, ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
Post Your Comments