KeralaLatest News

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം തുടരുന്നു, തിരുവനന്തപുരത്തുനിന്ന് കോട്ടയത്ത് എത്തിയത് 135 മിനിറ്റിൽ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണയോട്ടം തുടരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരത് ട്രയൽ റൺ നടത്തുന്നത്. രാവിലെ 5.08ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട വന്ദേ ഭാരത് 50 മിനിട്ട് കൊണ്ട് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഓടിയെത്തി. കൊല്ലത്ത് നിന്ന് 31 മിനിട്ട് കൊണ്ട് വന്ദേ ഭാരത് കായംകുളത്തെത്തി. 2.15 മണിക്കൂർകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെത്തി.

പരീക്ഷണയോട്ടം നടത്തുന്ന വന്ദേ ഭാരത് ഏഴ് സ്റ്റേഷനുകളിൽ നിർത്തും. ഓരോ സ്റ്റേഷനിലും 2 മിനിട്ടാണ് നിർത്തുന്നത്. തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ ഉദ്യോഗസ്ഥരും ലോക്കോ പൈലറ്റുമാണ് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പരീക്ഷണയാത്രയിലുള്ളത്. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍നിന്ന് കയറും. അവിടെനിന്ന് ക്രൂ ചേഞ്ച് ഉണ്ടാകും.

ആദ്യ പരീക്ഷണയോട്ടത്തിൽ വന്ദേ ഭാരത് ഏഴ് മണിക്കൂർ കൊണ്ട് കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരിൽ എത്തേണ്ട സമയം. 2.30-നകം വന്ദേഭാരത് തിരുവനന്തപുരത്തേക്ക് മടങ്ങും.

അതേസമയം ട്രെയിനിന്റെ ഷെഡ്യൂളും സ്റ്റോപ്പുകളും യാത്രാനിരക്കും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകൾ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button