തിരുവനന്തപുരം: കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ 5.10-ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും യാത്ര തിരിച്ച ട്രെയിന്‍ 2.20-ന് കണ്ണൂരിലെത്തി. 7 മണിക്കൂര്‍ 10 മിനിട്ടുകൊണ്ടാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്.
Read Also: ജനശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലേറ്
തിരുവനന്തപുരം ഡിവിഷനിലെ റെയില്‍വേ ഉദ്യോഗസ്ഥരും ലോക്കോ പൈലറ്റുമാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണയാത്രയിലുണ്ടായിരുന്നത്. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍ നിന്ന് കയറി. അവിടെനിന്ന് ക്രൂ ചേഞ്ചും ഉണ്ടായിരുന്നു.വന്ദേഭാരതിന് ഇനി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി ഉണ്ടാകും. ഈ സമയം, സ്റ്റോപ്പുകള്‍ നിശ്ചയിച്ച് കുറച്ചുകൂടി സമയലാഭം നേടാന്‍ കഴിയും. ചുരുക്കത്തില്‍ വന്ദേഭാരത് തിരുവനന്തപുരം-കണ്ണൂര്‍ യാത്ര ഏഴ് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സാധ്യത.
ഇനി കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചും പരീക്ഷണഓട്ടം നടത്തും. 2.30-നകം വന്ദേഭാരത് തിരുവനന്തപുരത്തേക്ക് മടങ്ങും. തിരുവനന്തപുരം കൊല്ലം യാത്രയ്ക്ക് 50 മിനിറ്റ് സമയമാണ് എടുത്തത്. രാവിലെ 5.10-ന് പുറപ്പെട്ട ട്രെയിന്‍ രാവിലെ ആറിന് കൊല്ലത്തെത്തി. അടുത്ത സ്റ്റോപ്പായ കോട്ടയത്ത് 7.25-ന് എത്തി. തിരുവനന്തപുരം-കോട്ടയം യാത്രയ്ക്ക് രണ്ടേകാല്‍ മണിക്കൂറാണ് എടുത്തത്. 7.30-ടെ കോട്ടയത്തു നിന്ന് യാത്ര തുടര്‍ന്ന വന്ദേഭാരത് എക്‌സ്പ്രസ് 8.30ന് എറണാകുളം നോര്‍ത്തിലെത്തി. ഒരു മണിക്കൂറാണ് കോട്ടയം-എറണാകുളം യാത്രയ്ക്കെടുത്തത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ വെച്ച് ലോക്കോ പൈലറ്റ് മാറി കയറി. 9.37 ന് ട്രെയിന്‍ തൃശ്ശൂര്‍ സ്റ്റേഷനിലെത്തി. നാല് മണിക്കൂര്‍ 20 മിനിട്ടാണ് തിരുവനന്തപുരം തൃശ്ശൂര്‍ യാത്രയ്ക്ക് എടുത്തത്. തുടര്‍ന്ന് ഷൊര്‍ണൂര്‍ എത്തി. 10.46-ന് തിരൂരെത്തി ബിജെപി പ്രവര്‍ത്തകരും തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും തിരൂര്‍ സ്റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസിന് സ്വീകരണം നല്‍കി. 10.49-ന് യാത്ര തുടര്‍ന്ന തീവണ്ടി 11.17ന് കോഴിക്കോടെത്തി. ആറ് മണിക്കൂറും ഏഴ് മിനിട്ടുമാണ് ട്രെയിന്‍ തിരുവനന്തപുരം- കോഴിക്കോട് യാത്രയ്ക്ക് എടുത്തത്. ട്രെയിന്‍ 12.20 ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തി.
തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകള്‍ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ഈ മാസം 25-നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.
Post Your Comments