തിരുവനന്തപുരം: ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ ക്യാംപെയ്ൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായ പശ്ചിമഘട്ട നീർച്ചാൽ ശൃംഖലകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനവും തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജലലഭ്യത കേരളത്തിൽ കുറഞ്ഞുവരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ജലസംഭരണം ഉറപ്പാക്കുന്നതിനും ജല ഉപഭോഗം കണക്കാക്കി പരിപാടികൾ ആവിഷ്കരിക്കേണ്ടതുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാൻ വൈകി: ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച പിതാവ് അറസ്റ്റിൽ
ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ് അവിടുത്തെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവയാണ് ജല ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടി വെള്ളത്തിന്റെ കാര്യത്തിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും. 44 നദികളും വയലുകളും ജലാശയങ്ങളും കൊണ്ട് സമ്പന്നമാണ് കേരളം. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഭാഗമായി കേരളത്തിലെ പല ഭാഗങ്ങളിലും വേനൽക്കാലം ആകുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അനാവശ്യമായി ജലം പാഴാക്കാനുള്ളതല്ല എന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും ജലം സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി നടപ്പാക്കുന്ന ഒരു പദ്ധതിയാണ് ജനകീയ ജല ബജറ്റ്. സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് മാനേജ്മെന്റിന്റെ സഹായത്തോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ പ്രതിനിധികളും വിവര സാങ്കേതിക മേഖലയിലെ വിദഗ്ധരും ഉൾപ്പെടുന്ന സമിതിയാണ് ജല ബജറ്റിന് രൂപം നൽകുന്നത്. ആദ്യഘട്ടമായി 15 ബ്ലോക്ക് പഞ്ചായത്തുകളും 94 ഗ്രാമപഞ്ചായത്തുകളുമാണ് ജലബജറ്റ് തയ്യാറാക്കിയത്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതിൻറെ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ഭൂപ്രകൃതിയും മഴയുടെ പ്രത്യേകതയും അനുസരിച്ച് ജലസുരക്ഷയിലേക്ക് എത്തുന്നതിനുള്ള സൂക്ഷ്മതലത്തിലുള്ള ഇടപെടൽ ആവശ്യമാണ്. വേനൽ മഴയിലൂടെ ലഭിക്കുന്ന വെള്ളത്തെ കൃഷിക്കും ജലസേചനത്തിനുമടക്കം ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലുള്ള ഇടപെടൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രാദേശികതലത്തിൽ ജനപങ്കാളിത്തത്തോടെ കൂടിയാവണം പരിപാടികൾ പൂർത്തീകരിക്കേണ്ടത്. ‘ഇനി ഞാൻ ഒഴുകട്ടെ’ നീർച്ചാലുകളുടെയും പുഴകളുടെയും വീണ്ടെടുപ്പിനായി വിഭാവനം ചെയ്ത പദ്ധതിയാണ്. പ്രളയത്തിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പദ്ധതി തയ്യാറാക്കിയത്. പ്രളയത്തിന്റെ ഭാഗമായി നദികൾ കര കവിഞ്ഞൊഴുകിയുണ്ടായ നാശനഷ്ടങ്ങളേക്കാൾ കൂടുതൽ പ്രാദേശികമായി സംഭവിച്ച വെള്ളപ്പൊക്കം മൂലമുണ്ടായി. വെള്ളം ഒഴുകി പോകുവാൻ കഴിയാതെ സ്വാഭാവിക നീർച്ചാലുകൾ അടഞ്ഞു പോയതിനാലാണ് ഇത് സംഭവിച്ചത്. ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയുടെ ഭാഗമായി ഒന്നരലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയിൽ നൂറുകണക്കിന് ജലസ്രോതസ്സുകൾ സംസ്ഥാന വ്യാപകമായി വീണ്ടെടുത്തു. വീണ്ടെടുത്ത വരട്ടാറും കുട്ടമ്പേരൂർ ആറിന്റെ പുനരുജ്ജീവനവും മികച്ച മാതൃകകളായി. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 15, 119 കിലോമീറ്റർ നീർച്ചാലുകളുടെ പുനരുജ്ജീവനം സാധ്യമായി. പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്ന പേരിൽ പശ്ചിമഘട്ട പ്രദേശങ്ങളിലെ 9 ജില്ലകളിലായി 230 ഗ്രാമപഞ്ചായത്തുകളുടെ നീർച്ചാലുകളുടെ സ്ഥിതിവിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ അടയാളപ്പെടുത്തുന്ന പ്രവർത്തമാരംഭിക്കുകയാണ്. ഇതിന് റീബിൽഡ് കേരളയുടെ പൂർണ പിന്തുണയുണ്ട്. ഉപഗ്രഹ സർവേ പൂർത്തീകരിച്ച തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അടുത്ത ഘട്ടമായ നീർച്ചാൽ പുനരുജ്ജീവനം മഴക്കാലത്തിന് മുൻപ് പൂർത്തീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments