ചെന്നൈ: ദുബായിലെ തീപിടുത്തത്തിൽ മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദേരയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കള്ളക്കുറിച്ചി രാമരാജപുരം സ്വദേശികളായ ഇമാം കാസിം അബ്ദുൽ ഖാദർ (43), ഗുഡു സാലിയാകൂണ്ടു (49) എന്നിവരാണ് ശനിയാഴ്ചയുണ്ടായ തീപിടുത്തത്തിൽ മരിച്ചത്.
സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും യുഎഇയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി. 16 പേരാണ് തീപിടുത്തത്തിൽ മരിച്ചത്. ഇവരിൽ നാല് പേർ ഇന്ത്യക്കാരായിരുന്നു. ഇതിൽ രണ്ടു പേർ മലയാളികളാണ്.
മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ദെയ്റ ഫിർജ് മുറാറിലെ കെട്ടിടത്തിൽ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു തീപിടുത്തം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments