Latest NewsKerala

തൃശൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം: യുവാവിന്റെ നില അതീവ ഗുരുതരം: യുപിയിൽ ആയാലേ ചർച്ചയാകൂ എന്ന് സോഷ്യൽ മീഡിയ

തൃശൂര്‍: തൃശൂര്‍ ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മര്‍ദനത്തിനിരയായത്. സന്തോഷ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ സൂചിപ്പിക്കുന്നത്.

കേസിൽ അടക്ക വ്യാപാരി അബ്ബാസ്, സഹോദരൻ ഇബ്രാഹിം, ബന്ധു അൽത്താഫ്, അയൽവാസി കബീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സംഭവം കേരളത്തിൽ ചർച്ചയാകാത്തത് യുപിയിൽ അല്ലാത്ത കൊണ്ടാണെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു.

മർദ്ദനത്തിൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സന്തോഷിനെ ഐസിയുവിലേക്ക് മാറ്റി. കേസിൽ കൂടുതൽ പേർ ഉണ്ടാകുമെന്നും അന്വേഷണം ഊർജിതമാണെന്നും ചേലക്കര പൊലീസ് വ്യക്തമാക്കി.

അടയ്ക്ക വ്യാപാരിയായ അബ്ബാസിന്റെ വീട്ടിൽനിന്ന് അടയ്ക്ക മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിന് മർദ്ദനമേറ്റതെന്നാണ് വിവരം. അടയ്ക്ക വില്‍പ്പനക്കാരനായ അബ്ബാസിന്റെ വീട്ടില്‍നിന്ന് അടുത്തിടെ അടയ്ക്ക മോഷണം പോയിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സിസിടിവി ക്യാമറയിൽ സന്തോഷ് വീടിന് പുറത്തുള്ളതായി ദൃശ്യങ്ങളില്‍ കണ്ടു. തുടര്‍ന്ന് ഇയാളെ പിടികൂടുകയും സംഘംചേര്‍ന്ന് മര്‍ദിക്കുകയും ചെയ്‌തെന്നാണ് ആരോപണം. സന്തോഷിനെ മര്‍ദിച്ചിട്ടില്ലെന്നും പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ മതിലില്‍നിന്ന് വീണ് പരിക്കേറ്റതെന്നുമാണ് കുറ്റാരോപിതരുടെ വിശദീകരണം.

അഞ്ച് പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസില്‍ നാലുപേര്‍ അറസ്റ്റിലായി. അടയ്ക്ക വ്യാപാരി അബ്ബാസ്, സഹോദരന്‍ ഇബ്രാഹിം, ബന്ധു അല്‍ത്താഫ്, അയല്‍വാസി കബീര്‍ എന്നിവരാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button