കറുകച്ചാൽ: അണിയറപ്പടിയിൽ റോഡരികിൽ നിന്ന ആഞ്ഞിലിമരത്തിന്റെ ശിഖരം തേനീച്ചക്കൂടുമായി ഒടിഞ്ഞ് റോഡിലേക്കുവീണു. തലനാരിഴയ്ക്കാണ് യാത്രക്കാർ തേനീച്ച കുത്തേൽക്കാതെ രക്ഷപ്പെട്ടത്. ഈച്ചകൾ ഇളകിയെങ്കിലും സമീപവാസികൾ ഓടിമാറിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.
Read Also : വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു
വെള്ളിയാഴ്ച രാവിലെ 7.45ഓടെയാണ് സംഭവം. നാലുവർഷം മുമ്പ് ഇടിമിന്നലേറ്റാണ് നൂറടിയിലേറെ ഉയരമുള്ള ആഞ്ഞിലി ഉണങ്ങിയത്. ഒരുഭാഗത്തെ ശിഖരത്തിൽ മാത്രമാണ് അൽപം പച്ചപ്പുള്ളത്. ശിഖരത്തിലുണ്ടായിരുന്ന കൂറ്റൻ പെരുന്തേനീച്ചക്കൂടിന്റെ ഒരുഭാഗം അടർന്ന് നിലത്തുവീണു. അവശേഷിക്കുന്ന ഭാഗം മരത്തിൽതന്നെയാണ് ഉള്ളത്. കാക്കയോ മറ്റ് പക്ഷികളോ കൊത്തിയാൽ തേനീച്ചകൾ ഇളകാനും സാധ്യതയുണ്ട്.
ഉണങ്ങിനിൽക്കുന്ന മരം ഒടിഞ്ഞുവീണാൽ വലിയ അപകടവും പ്രദേശത്തെ സ്ഥാപനങ്ങൾക്ക് നാശനഷ്ടവുമുണ്ടാകാൻ സാധ്യതയുണ്ട്. മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നാലുവർഷത്തിനിടയിൽ പൊതുമരാമത്ത് വകുപ്പിന് വ്യാപാരികൾ പലവട്ടം പരാതി നൽകിയിരുന്നു. എന്നാൽ, ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.
Post Your Comments