തിരുവനന്തപുരം: വേനലില്‍ വെന്തുരുകുകയാണ് കേരളം. കാലാവസ്ഥ വകുപ്പ് ഉള്‍പ്രദേശങ്ങളില്‍ സ്ഥാപിച്ച ഓട്ടേമേറ്റഡ് നിരീക്ഷണ കേന്ദ്രങ്ങളിലുൾപ്പെടെ പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാവിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപലനില തൃശ്ശൂർ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി (42.9 ഡിഗ്രി സെൽഷ്യസ്). മലമ്പുഴയിൽ 2016 ഏപ്രിലിൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസെന്ന റെക്കോഡാണ് തിരുത്തിയത്. വ്യാഴാഴ്ച പാലക്കാട്ട് 39 ഡിഗ്രിയായിരുന്നു.
വരുംദിവസങ്ങളിലും ചൂടിന് ശമനമുണ്ടാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയ്ക്ക് അന്തരീക്ഷം തണുപ്പിക്കാനായിട്ടില്ല. അടുത്തദിവസങ്ങളിൽ കാര്യമായ മഴ പ്രതീക്ഷിക്കുന്നുമില്ല. നിർജലീകരണം ഒഴിവാക്കാനും പകൽ വെയിലേൽക്കുന്നത് ഒഴിവാക്കാനും ദുരന്തനിവാരണ അതോറിറ്റി വീണ്ടും മുന്നറിയിപ്പ് നൽകി. പലേടത്തും വരും ദിവസങ്ങളിൽ താപനില സർവകാല റെക്കോഡിന് അടുത്തെത്താനുള്ള സാധ്യതയുണ്ട്.
വെള്ളിയാഴ്ചയും തൃശ്ശൂരും പാലക്കാട്ടും കണ്ണൂരും ചൂട് 39 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പതിവിലും മൂന്ന് മുതൽ നാലു ഡിഗ്രിവരെ കൂടുതൽ. കോട്ടയത്തും കോഴിക്കോട്ടും 2-3 ഡിഗ്രി ഉയർന്ന് 37 ഡിഗ്രിവരെ എത്തും. 39 ഡിഗ്രി എന്നത് അസഹ്യവും സൂര്യാഘാതത്തിന് സാധ്യതയുമുള്ളതുമാണ്. പുലർകാലത്തെ ചൂടും ഇപ്പോൾ കൂടുതലാണ്.
Post Your Comments