കോഴിക്കോട്: സഹോദരന്‍ നൗഫലിനെതിരെ ഗുരുതര ആരോപണവുമായി താമരശ്ശേരിയില്‍ പരപ്പന്‍പൊയിലില്‍ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ രണ്ടാമത്തെ വീഡിയോ പുറത്ത്. സഹോദരന്‍ നൗഫലാണ് തട്ടിക്കൊണ്ടു പോയതെന്ന് ഷാഫി വീഡിയോയില്‍ പറയുന്നു.
ഇസ്ലാം മതവിശ്വാസ പ്രകാരം പെണ്‍കുട്ടികളുള്ളവര്‍ മരണപ്പെട്ടാല്‍ സ്വത്ത് മുഴുവന്‍ സഹോദരന് ലഭിക്കുമെന്നും ഇതിനു വേണ്ടി സഹോദരന്‍ നൗഫല്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നുമാണ് ഷാഫിയുടെ ആരോപണം. നൗഫലിനെ ശ്രദ്ധിക്കണമെന്ന് പിതാവ് തനിക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഷാഫി വീഡിയോയിൽ പറയുന്നു.
അതേസമയം, വീഡിയോ ചിത്രീകരിച്ചതാരാണെന്നും ഇതിനു പിന്നിലെ ഉദ്ദേശവും പോലീസ് അന്വേഷിക്കുകയാണ്. തട്ടിക്കൊണ്ടു പോയ സംഘം തന്നെ ഷാഫിയെ കൊണ്ട് ഇത്തരത്തില്‍ വീഡിയോകള്‍ ചെയ്യിക്കുന്നതാണെന്നാണ് പോലീസ് സംശയിക്കുന്നത്. നിലവിലെ അന്വേഷണത്തെ വഴി തിരിച്ചു വിടാനുള്ള ശ്രമമാണിതെന്നും പോലീസ് സംശയിക്കുന്നു.
പുറത്തുവിട്ട ആദ്യ വീഡിയോയില്‍ 80 കോടി രൂപയുടെ സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും എത്രയുംവേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നുമാണ് ഷാഫി പറയുന്നത്. എന്നാൽ, തന്നെ തട്ടിക്കൊണ്ടുപോയത് ആരാണെന്നോ എവിടെയാണുള്ളതെന്നോ ഷാഫി പറയുന്നില്ല.
ഏപ്രിൽ ഏഴാം തീയതിയാണ് രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോയത്. അക്രമം തടയാൻ ശ്രമിച്ച ഷാഫിയുടെ ഭാര്യയെ വാഹനത്തിൽ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കി വിടുകയായിരുന്നു.
Post Your Comments