ന്യൂഡല്‍ഹി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ മോഷണക്കേസില്‍ വീണ്ടും അറസ്റ്റില്‍. ഡല്‍ഹിയിലെ ചിത്തരഞ്ജന്‍ പൊലീസ് സ്റ്റേഷനില്‍ ഇന്നലെയാണ് ബണ്ടിചോറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 27നാണ് ഇയാള്‍ കേരളത്തിലെ ജയിലില്‍ നിന്നും മോചിതനായത്.
കേരളത്തില്‍ നിന്നും മോചിക്കപ്പെട്ട ശേഷം ഇയാളെ കോയമ്പത്തൂരിലെ ജയിലിലേക്ക് മാറ്റിയെങ്കിലും അവിടെയുള്ള കേസുകളില്‍ ബണ്ടി ചോറിനെ വെറുതെ വിട്ടിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഡല്‍ഹിയിലേക്കെത്തിയത്. പ്രശസ്ത അഭിഭാഷകന്‍ ആളൂരാണ് ബണ്ടി ചോറിനായി കേസുകള്‍ വാദിച്ചിരുന്നത്.
ചിത്തരഞ്ജന്‍ പാര്‍ക്കില്‍ നടന്ന ചില മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ബണ്ടി ചോര്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ മാനസികമായ ചില പ്രശ്‌നങ്ങള്‍ ഇപ്പോള്‍ നേരിടുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. അറസ്റ്റ് നടപടികളെല്ലാം പൂര്‍ത്തിയാക്കുകയും ഇയാളുടെ വൈദ്യ പരിശോധന നടത്തുകയും ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കി. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ബണ്ടി ചോറിനെ റിമാന്‍ഡ് ചെയ്തു.
ബണ്ടി ചോറിന്റെ അച്ഛനും രണ്ടാനമ്മയും ഡല്‍ഹിയിലാണ് താമസിച്ചുവരുന്നത്. ഇവരെ കാണാനാണ് താന്‍ ഡല്‍ഹിയില്‍ എത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
Post Your Comments