കോഴിക്കോട്: ഉള്ളിയേരിയില്‍ വീടാക്രമിച്ച് വൃദ്ധയെ അസഭ്യം പറഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍. ഉള്ളിയേരി പുതുവയല്‍കുനി ഫായിസി(25)നെ ആണ് പൊലീസ് പിടികൂടിയത്. മലപ്പുറം അരിക്കോട് ലോഡ്ജില്‍ വച്ച് ആണ് ഇയാള്‍ അത്തോളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസമായിരുന്നു ഉള്ളിയേരിയ്ക്ക് സമീപം തെരുവത്ത് കടവില്‍ യൂസഫിന്റെ വീടിന് നേരെ ഫായിസ് അക്രമം നടത്തിയത്. വീടിന്റെ അടുക്കള ഭാഗത്ത് തീയിടുകയും കസേരകളും മറ്റും കിണറ്റില്‍ വലിച്ചെറിയുകയും ചെയ്തു. യൂസഫിന്റെ മാതാവിനെ അസഭ്യം പറയുകയും ചെയ്തു. സംഭവ സമയത്ത് യൂസഫ് വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍, ഫായിസിനെ മാതാവ് തിരിച്ചറിഞ്ഞിരുന്നു. യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറുമായി ഫായിസ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. വാഹനം ഓടിക്കുമ്പോള്‍ പൊടി പാറിയെന്നാരോപിച്ചായിരുന്നു തര്‍ക്കം. ഇതില്‍ യൂസഫ് ഇടപെട്ടതില്‍ പ്രകോപിച്ചാണ് ഫായിസ് വീട് ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.
കൃത്യം നടത്തിയ ശേഷം ഫായിസ് ഒളിവില്‍ പോവുകയായിരുന്നു. അത്തോളി സിഐ പി. ജിതേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐമാരായ ആര്‍ രാജീവ്, കെപി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ രാത്രി 11.30ഓടെ ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഒ ഷിബു, കെഎം അനീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലഹരിയ്ക്ക് അടിമയായ ഫായിസിനെതിരെ നേരത്തെയും പരാതി ലഭിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കും.
Post Your Comments