കോഴിക്കോട്: ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവ് പരപ്പൻപൊയിൽ മുഹമ്മദ് ഷാഫിയുടെ (38)വീഡിയോ പുറത്ത്. സൗദിയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണത്തിന്റെ പങ്ക് ആവശ്യപ്പെട്ടാണ് തന്നെ കടത്തിക്കൊണ്ടു വന്നതെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഷാഫി വീഡിയോയിലൂടെ പറയുന്നു. എന്നാൽ തന്നെ തട്ടിക്കൊണ്ടുവന്നത് ആരാണെന്നോ എവിടെയാണെന്നോ ഷാഫി വീഡിയോയിൽ പറയുന്നില്ല.
‘സൗദിയിൽ നിന്ന് ഞാനും സഹോദരനും 325 കിലോ സ്വർണം കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ തട്ടിക്കൊണ്ടുവന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ കേസും കൂട്ടവും പൊലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ല,’ ഷാഫി വിഡിയോയിൽ പറയുന്നു.
എന്നാൽ, ഷാഫിയെ തട്ടിക്കൊണ്ടു പോയവർ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നതെന്നാണ് പോലീസിന്റെ നിഗമനം. വീഡിയോ ചിത്രീകരിച്ച സ്ഥലം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഏപ്രിൽ ഏഴാം തീയതിയാണ് രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോയത്. അക്രമം തടയാൻ ശ്രമിച്ച ഷാഫിയുടെ ഭാര്യയെ വാഹനത്തിൽ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കി വിടുകയായിരുന്നു.
Post Your Comments