പാലക്കാട്: പാലക്കാട്, ഗോപാലപുരം കന്നുകാലി ചെക്ക്‌പോസ്റ്റിൽ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ മിന്നൽപരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ചെക്ക്പോസ്റ്റ് കെട്ടിടത്തിന്റെ ഓടുകൾക്കിടയിലും, സമീപത്തുള്ള വാഴകളുടെ കൈകളിലും കൈക്കൂലി പണം ഒളിപ്പിച്ചിരുന്നതായി വിജിലൻസ് കണ്ടെത്തി. കണക്കിൽ പെടാത്ത 8931 രൂപയും ഇവിടെ നിന്നും കണ്ടെടുത്തു. ബുധനാഴ്ച്ച പുലർച്ചെ മൂന്നു മണിയോടെയാണ് വിജിലൻസ് സംഘം ഗോപാലപുരം കന്നുകാലി ചെക്ക്പോസ്റ്റിൽ പരിശോധന നടത്തിയത്.
വിജിലൻസ് സി ഐ ഐ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ചെക്ക് പോസ്റ്റിൽ വ്യാപകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പല വാഹനങ്ങളിൽ നിന്നായി വാങ്ങിയ പണം ചുരുളുകളാക്കി ചെക്ക് പോസ്റ്റ് കെട്ടിടത്തിന്റെ ഓടുകൾക്കിടയിലും സമീപത്തുള്ള വാഴകളുടെ കൈകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചെക്ക്‌പോസ്റ്റിലുണ്ടായിരുന്ന ലൈവ് സ്റ്റോക് ഇൻസ്പെക്ടർക്കും അറ്റൻഡർക്കുമെതിരെ അന്വേഷണം നടത്തും.
കന്നുകാലികളുടെ എണ്ണത്തിനനുസരിച്ചാണ് ചെക്ക്പോസ്റ്റിൽ പണമടക്കേണ്ടത്. എന്നാൽ ലോറിയിലെ ജീവനക്കാരിൽ നിന്നും കൈക്കൂലി വാങ്ങി പരിശോധന കൂടാതെ ലോറികൾ കടത്തിവിടുന്നെന്നാണ് പരാതി. കന്നുകാലികളെ ഡോക്ടർ പരിശോധിച്ചു മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണമെന്നും നിർദേശമുണ്ട്. ഈ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ തലേദിവസം തന്നെ ഒപ്പിട്ടു സീൽ ചെയ്തു വച്ചിട്ടുള്ളതായും കണ്ടെത്തി. പുതിയ ഉത്തരവനുസരിച്ച് ഇറച്ചിക്കോഴി വണ്ടികളിൽ നിന്ന് കോഴിക്ക് ഒരു രൂപ നിരക്കിൽ ഈടാക്കണം. എന്നാൽ കോഴിവണ്ടികൾ തടയുന്നില്ലെന്നും പരാതിയുണ്ട്.
Read Also: വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണു: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
Post Your Comments