ലക്നൗ: ചൈനീസ് ആപ്പ് ഉപയോഗിച്ച് കാർ മോഷണം നടത്തുന്ന ഹൈടെക് മോഷണ സംഘം പിടിയിൽ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ നടന്ന സംഭവത്തിൽ ചൈനീസ് ആപ്പ് ഉപയോഗിച്ചായിരുന്നു സംഘം കാറുകള്‍ മോഷ്ടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനോടകം മോഷണ സംഘം നൂറിലേറെ കാറുകള്‍ കവര്‍ന്നതായാണ് പരാതി. മികച്ച സുരക്ഷാ സംവിധാനങ്ങളുമായി വരുന്ന കാറുകളായിരുന്നു സംഘം കവർന്നിരുന്നത്.
റോഡരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ ആയിരുന്നു ഇവരുടെ ലക്ഷ്യം. വിജയനഗര്‍ പോലീസ് സ്‌റ്റേഷനില്‍ രാത്രിയില്‍ ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്. പട്രോളിങ്ങിനിടെ ഗാസിയാബാദ് സ്വദേശികളായ ഗൗരവ്, ഉമേഷ് എന്നിവര്‍ പോലീസിന്റെ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹൈടെക് മോഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്.
2019 മുതലാണ് ഈ സംഘം കാറുകള്‍ കവരാന്‍ തുടങ്ങിയത്. ഒരേ സഥലത്ത് ദിവസങ്ങളോളം പാര്‍ക്ക് ചെയ്ത കാര്‍ ഇവര്‍ പകല്‍ നോട്ടമിട്ട് വെച്ചതിന് ശേഷം രാത്രിയില്‍ വ്യാജ താക്കോലിട്ട് കാറിന്റെ അകത്ത് കയറും. കാറിന്റെ എഞ്ചിന്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ ചൈനീസ് ആപ്പുമായി ബന്ധിപ്പിച്ചാണ് ഡിജിറ്റല്‍ ലോക്ക് തുറന്നിരുന്നത്. ഇലക്ട്രിക് കണ്‍ട്രോള്‍ യൂണിറ്റ് ചൈനീസ് ആപ്പുമായി ബന്ധിപ്പിച്ചാണ് മോഷ്ടാക്കള്‍ വാഹനത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്നത്.
സോഫ്റ്റ്വെയര് വഴി ഇസിഎം ഹാക്ക് ചെയ്ത് സ്റ്റിയറിങ് അണ്‍ലോക്ക് ചെയ്ത് കാര്‍ സ്റ്റാര്‍ട്ട് ചെയ്താണ് മോഷ്ടാക്കള്‍ കടന്നുകളയുന്നത്. ബലേനോ, വാഗണ്‍ആര്‍ തുടങ്ങി 12 കാറുകള്‍ പിടിയിലായ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംഘം ഇതുവരെ മോഷ്ടിച്ച കാറുകള്‍ നേപ്പാള്‍, ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് വിൽപ്പന നടത്തിയത്. മോഷണത്തിന് വെറും 2 മുതല്‍ 2.30 മിനിറ്റ് സമയം മാത്രമാണ് വേണ്ടി വരുന്നതെന്നും പിടിയിലകപ്പെടാതിരിക്കാന്‍ സംഘം കാറിന്റെ ജിപിഎസ് ഓഫ് ചെയ്യുമെന്നും പോലീസ് പറയുന്നു.
Post Your Comments