തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ നിർമാണം ഗുണമേന്മ ഉറപ്പാക്കി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആയൂർ -ചുണ്ട പിഡബ്ല്യുഡി റോഡ് ബിഎം- ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന്റെ നിർമാണോദ്ഘാടനം മഞ്ഞപ്പാറ ജംഗ്ഷനിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. നിശ്ചയിച്ച പദ്ധതികൾ ഏതു പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ച് ജനോപകാരമായ രീതിയിൽ നടപ്പിലാക്കും. റോഡുകളുടെ നിലവാരം ഉറപ്പാക്കുന്നതിൽ സർക്കാരിന് പ്രത്യേക ശ്രദ്ധയാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
Read Also: വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും ആർഎസ്എസുകാർ ഇരകൾ: അപരാധികളല്ലെന്ന് സുപ്രീംകോടതി
ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. കേരള പൗൾട്രി കോർപ്പറേഷന്റെ കോട്ടുക്കലുള്ള 10 ഏക്കർ സ്ഥലത്ത് 16 കോടി രൂപ ചെലവിൽ പൗൾട്രി ഫാം ഉടൻ നിലവിൽ വരുമെന്ന് മന്ത്രി പറഞ്ഞു. 10.90 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരണം. ആയൂർ പാലത്തിന് സമീപത്തു നിന്നും ആരംഭിക്കുന്ന റോഡ് ചെങ്ങമനാട്- കടയ്ക്കൽ റോഡിൽ ചുണ്ട ജങ്ഷനിൽ അവസാനിക്കുന്നു. 5.5 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡിന്റെ ഉപരിതലവും ബേസും നവീകരിക്കുന്നു. സംരക്ഷണ ഭിത്തി, കലുങ്കുകൾ, ഓട, ഐറിഷ് ട്രയിൻ ഇന്റർലോക്ക്, ദിശാ സൂചികകൾ, സുരക്ഷാസംവിധാനങ്ങൾ എന്നിവയും സജ്ജമാക്കും.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അമൃത, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ്, ഇട്ടിവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗിരിജമ്മ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജി ദിനേശ്കുമാർ, ബി ബൈജു, ബി എസ് സോളീ, ബി എസ് ബീന, ഷീജ ഷെഫീഖ്, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർ അജിത് രാമചന്ദ്രൻ, സൂപ്രണ്ടിങ് എഞ്ചിനീയർ വി ആർ വിമല, രാഷ്ട്രീയ കൃഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments