ഇറ്റാനഗർ: രാജ്യത്തിന്റെ പുരോഗതിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ അതിർത്തികൾ ശക്തവും സുരക്ഷിതവുമാണെന്നും മന്ത്രി വ്യക്തമാക്കി. വടക്കുകിഴക്കൻ മേഖലയുടെ അതിർത്തി പ്രദേശത്തിൽ സർക്കാരിന്റെ ശ്രദ്ധ മാതൃകാപരമാണ്. അസ്വസ്ഥമായ അതിർത്തി പ്രദേശത്തിന്റെ പ്രതിച്ഛായ തന്നെ സർക്കാർ മാറ്റി മറിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അരുണാചൽപ്രദേശിൽ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വടക്കുകിഴക്കൻ മേഖലയിലെ മുഴുവൻ ജനങ്ങളും 2014-ന് മുൻപ് അസ്വസ്ഥരായിരുന്നു. അതിർത്തി മേഖലയിലെ അന്ന് ജനങ്ങൾ ഒട്ടും തന്നെ സുരക്ഷിതരല്ലായിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഇന്ത്യയുടെ അതിർത്തികൾ ശക്തവും സുരക്ഷിതവുമാണ്. അതിർത്തിയിൽ സൈനികർ കാവൽ നിൽക്കുന്നതിനാലാണ് രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെയും സമാധാനത്തിന്റെയും പാതയിലാണ് ഇന്ത്യയിന്ന്. അതിർത്തി മേഖലകളിൽ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. 2014-നെ അപേക്ഷിച്ച് ഇന്ന് അക്രമ സംഭവങ്ങളിൽ 67 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Leave a Comment