KeralaLatest NewsNews

‘അതുകൊണ്ടാകാം ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞത്’: വിവാദ പ്രസ്താവനയിൽ പ്രിയദർശന്റെ മറുപടി

നടൻ മോഹൻലാലിനേക്കുറിച്ച് ശ്രീനിവാസൻ അടുത്തിടെ നടത്തിയ ചില പ്രസ്താവനകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രേംനസീർ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ, താരം പ്രേം നസീറിനെ പിന്നാലെ നടത്തിച്ചിരുന്നുവെന്നുമൊക്കെയായിരുന്നു ശ്രീനിവാസൻ പറഞ്ഞിരുന്നത്. ചികിത്സയ്ക്ക് ശേഷം ഒരു വേദിയിൽ വെച്ച് മോഹൻലാൽ തന്നെ പരസ്യമായി ചുംബിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആണെന്ന് മനസിലായെന്നായിരുന്നു’ ശ്രീനിവാസന്റെ പ്രതികരണം.

ശ്രീനിവാസന്റെ ഈ പ്രതികരണം സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. ഫേസ്‌ബുക്കിലെ നിരവധി ഗ്രൂപ്പുകളിൽ ഇതുസംബന്ധിച്ച് ചർച്ചകളും നടന്നിരുന്നു. വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രിയദർശൻ രംഗത്ത്. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ സുഹൃത്തുക്കൾക്കിടയിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പ്രിയദർശൻ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

‘രണ്ടു പേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. എന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സിൽ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യർ അത് ചെയ്യണമെന്നാണ് എന്റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം. എനിക്കറിയില്ല! ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാർഥ കാരണം അറിയാതെ ഞാൻ അതിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സത്യൻ അന്തിക്കാടിനും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു.

ഇത്തരം പ്രസ്താവനകളോട് മോഹൻലാൽ ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. അതാണ് ഇതിലെ നല്ല വശമായി ഞാൻ കാണുന്നത്. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹൻലാലിന് ശ്രീനിവാസനെ അറിയാം’, പ്രിയദർശൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button