കോഴിക്കോട്: സാമൂഹ്യ സമരസതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബിജെപി നടത്തിയ സ്‌നേഹയാത്രയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണം ലഭിച്ചു. ബിജെപി പ്രവർത്തകർ ക്രൈസ്തവ വീടുകളിലെത്തി പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദേശം നൽകി. ക്രിസ്ത്യൻ സമൂഹത്തിൽ ബിജെപിയോടുള്ള സമീപനത്തിൽ അത്ഭുതകരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.
കേവലം കൈസ്തവ മതമേധാവികൾ മാത്രമല്ല സാധാരണ ക്രൈസ്തവർക്കും ബിജെപിയോടുള്ള സമീപനത്തിൽ അനുകൂലമായി മാറ്റമാണ് ദൃശ്യമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അദ്ദേഹത്തിന്റെ ഭരണത്തോടുമുള്ള പ്രതീക്ഷയും വിശ്വാസവും ക്രൈസ്തവ സമൂഹത്തിനാകെ ഉണ്ടായിരിക്കുന്നു എന്നാണ് ബിജെപി പ്രവർത്തകർക്കനുഭവപ്പെട്ടത്. ക്രൈസ്തവ വിശ്വാസികൾ കൂടുതലുളള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലുമെല്ലാം സദ്ഭരണത്തിന്റെ നാളുകൾ അവർ കണ്ടു കഴിഞ്ഞു. എല്ലായിടത്തും അത്ധതപൂർവമായ വികസനമാണ് കാണുന്നത്. ഈ വികസനം കേരളത്തിലും അനുഭവപ്പെടണമെങ്കിൽ ഇവിടെയും നരേന്ദ്രമോദിയുടെ നേതൃത്വവും ബിജെപി ഭരണവും വേണമെന്ന തിരിച്ചറിവ് ക്രൈസ്തവ വിശ്വാസികൾക്ക് ഉണ്ടായി തുടങ്ങിയിട്ടുണ്ട്.
ബിജെപിയെ സ്വാഗതം ചെയ്തുള്ള കർദ്ദിനാൾ ആലഞ്ചേരിയുടെ ലേഖനം വളരെ പ്രസക്തവും യാഥാർഥ്യ ബോധത്തോടെയുമുള്ളതാണ്. ബി.ജെ.പിയുടെ സമ്പർക്ക പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതല്ല, സാമൂഹ്യസമരസതയ്ക്ക് വേണ്ടിയുള്ളതാണ്. മതന്യൂനപക്ഷങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും കുപ്രചാരണം നടത്താനുളള ഇടതു വലതു മുന്നണികളുടെ പതിറ്റാണ്ടുകളായുളള ശ്രമം ഇവിടെ പരാജയപ്പെടുകയാണ്. കേരളത്തിൽ മതന്യൂനപക്ഷങ്ങൾ യോജിപ്പിന്റെ മേഖലകൾ കണ്ടെത്തി വികസനത്തിനായി മുന്നോട്ടുവരണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Post Your Comments