Latest NewsKeralaNews

അര്‍ധരാത്രി ട്രെയിനില്‍ നിന്ന് വീണ യുവതിയെ പുതുജീവിതത്തിലേക്ക് കൈപിടിച്ച് കളമശേരി പൊലീസ് 

കളമശ്ശേരി: അർധരാത്രി സൗത്ത് കളമശ്ശേരിയിൽ ട്രെയിനില്‍ നിന്ന് വീണ യുവതിയെ പുതുജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി കളമശ്ശേരി പൊലീസ്. വെള്ളിയാഴ്ച പുലർച്ചെ 2.20-ന് കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഫോൺവിളിയാണ് സോണിയ എന്ന യുവതിയുടെ പുതുജീവിതത്തിലേക്ക് വഴി തെളിച്ചത്.

നെട്ടൂർ ഐഎൻടിയുസി കവലക്ക് സമീപം വൈലോപ്പിള്ളി വീട്ടിൽ മുരളിയുടെ മകൾ സോണിയ (32) യാണ് തീവണ്ടിയിൽ നിന്നും വീണത്. പുണെയിൽ ജോലി ചെയ്യുന്ന സോണിയ വീട്ടിലേക്ക് വരികയായിരുന്നു.

മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിൽ നിന്ന് ഒരാൾ സൗത്ത് കളമശ്ശരി ഭാഗത്ത് വീണിട്ടുണ്ടെന്ന് അറിയിച്ചായിരുന്നു പോലീസ് സ്റ്റേഷനിൽ വിളി എത്തിയത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ കെഎ നജീബാണ് ഫോൺ എടുത്തത്. സഹപ്രവർത്തകരായ പോലീസ് ഓഫീസർമാർ ആർ ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടിഎ നസീബ് എന്നിവർ പട്രോളിങ്ങിനിടെ കാർബോറാണ്ടം കമ്പനിക്കു സമീപം നോമ്പ് നോൽക്കുന്നതിന് അത്താഴം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

വിവരം അറിഞ്ഞതോടെ പാതിരാത്രി തന്നെ എസ്ഐയുടെ നേതൃത്വത്തിൽ സൗത്ത് കളമശ്ശേരി ഭാഗത്ത് നിന്ന് വട്ടേക്കുന്നം വരെ നാല് കിലോമീറ്ററോളം ദൂരം ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ട് പേരായി തിരിഞ്ഞ് തിരച്ചിൽ നടത്തി. കൃത്യമായ സ്ഥലം അറിയാത്തതിനാൽ ആദ്യ റൗണ്ടിൽ ആളെ കണ്ടെത്തിയില്ല. പിന്നീട് മൊബൈൽ ഫോൺ ടോർച്ച് തെളിച്ച് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടുകളിലേക്കു കൂടി തിരച്ചിൽ വ്യാപിപ്പിച്ചു. കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്ത് നജാത്ത് നഗറിന്റെ പിന്നിലെ കുറ്റിക്കാട്ടിൽ വിശദമായി തിരഞ്ഞപ്പോളാണ് പരിക്കേറ്റ് കിടക്കുന്ന സോണിയയെ കണ്ടത്.

റെയിൽവേ ട്രാക്കിൽ നിന്ന് കുത്തനെയുള്ള താഴ്ചയിലാണ് യുവതി കിടന്നത്. ഉടൻ പോലീസ്, ആംബുലൻസിന്റെയും അഗ്നിരക്ഷാ സേനയുടെയും സഹായം തേടി. ആദ്യമെത്തിയ ആംബുലൻസിലെ സ്ട്രെച്ചറിൽ കിടത്തി പോലീസുകാർ 500 മീറ്ററോളം ചുമന്നാണ് ആംബുലൻസിലേക്ക് എത്തിച്ചത്. ഉടൻ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചു.

ആശുപത്രിയിൽ എത്തി പ്രഥമ ശുശ്രൂഷകൾ ചെയ്തതോടെയാണ് യുവതി അപകടനില തരണം ചെയ്ത് സംസാരിക്കാറായത്. കൈയിലുണ്ടായിരുന്ന ബാഗ് വീണു പോയെന്നറിയിച്ചതോടെ പോലീസ് വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ബാഗ് കണ്ടെടുത്തു. അതിലെ മൊബൈൽ ഫോണിൽ നിന്നാണ് യുവതിയുടെ അമ്മയെ വിളിച്ച് വിവരം അറിയിച്ചത്. തീവണ്ടിയിലുണ്ടായിരുന്ന ബാഗ് കായംകുളം റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സോണിയയുടെ തോളെല്ലിന് പൊട്ടലുണ്ട്. നട്ടെല്ലിനും പരിക്കുണ്ട്. ഏതാനും മണിക്കൂർ നേരം അങ്ങനെ കിടന്നുപോയാൽ ബോധമറ്റ് വലിയ ദുരന്തങ്ങളിലേക്കു പോയേക്കാമായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സോണിയയ്ക്ക് ഫിറ്റ്സ് വന്ന് വീണതാകാമെന്ന് അമ്മ കാർമിലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button