കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സൈഫിയെ അന്വേഷണ സംഘം ഇന്ന് മുതൽ വിശദമായി ചോദ്യം ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. വരും ദിവസങ്ങളിൽ പ്രതിയെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം.
ഷാറൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ആണ് വിട്ടത്. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രതിയുമായി കോടതിയിലേക്കെത്തിയത്. കോടതി പരിസരത്തും വൻ സുരക്ഷയാണ് പൊലീസൊരുക്കിയത്. പ്രതിയെ കോടതിയിൽ നിന്നും മാലൂർക്കുന്ന് എ ആർ ക്യാമ്പിൽ എത്തിക്കും. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽമീണ മാലൂർ ക്യാമ്പിലെത്തിച്ചേർന്നിട്ടുണ്ട്. അവിടെവെച്ചാകും ആദ്യം ചോദ്യം ചെയ്യുക.
ഇന്നലെ കരൾ സംബന്ധമായ അസുഖം കണ്ടതിനെത്തുടർന്നാണ് പരിശോധനക്കെത്തിച്ച ഷാറുഖിനെ മെഡിക്കൽ കോളേജിൽ അഡ് മിറ്റ് ചെയ്തത്. ബിലിറൂബിൻ അടക്കമുള്ള പരിശോധനകളിൽ അസ്വാഭാവികമായ കൗണ്ട് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. കൈയിൽ നേരിയ പൊള്ളലേറ്റ പാടുകളുണ്ട്. ശരീരമാസകലം ഉരഞ്ഞ പാടുകളുണ്ട്. ഉത് ട്രെയിനിൽ നിന്നുള്ള വീഴ്ചയിൽ പറ്റിയതാണെന്നാണ് വിലയിരുത്തൽ. മുറിവുകൾക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കൺപോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടി സ്കാൻ എക്സ്റെ പരിശോധനകളിലും കുഴപ്പമില്ല. ഉമിനിരും തൊലിയും മറ്റും രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
Post Your Comments