KeralaLatest News

കരളിന്റെ പ്രവർത്തനം നല്ലതായാൽ മാത്രം പൊലീസിന് വിട്ടുകൊടുക്കും: മുഴുവൻ സമയം ഉറക്കമെന്നു ഡോക്ടർമാർ

എലത്തൂരില്‍ ട്രെയിന് തീവെച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് വെെകിയേക്കുമെന്ന് സൂചനകൾ. കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടിയുണ്ടെങ്കിലും ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടലും നിർണ്ണായകമാണ്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിനൊപ്പം കസ്റ്റഡി അപേക്ഷ കൂടി നല്‍കാമെന്നായിരുന്നു പൊലീസ് പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ പ്രതിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ ഇക്കാര്യത്തിൽ തിരിച്ചടിയാകുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രതിയിപ്പോൾ. ആശുപത്രി പരിസരത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോടതി വിസമ്മതിച്ചാല്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത് ഇനിയും നീളുമെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് സെല്ലിലെ പ്രത്യേകം മുറിയിലാണ് ഷാറൂഖ് സെയ്ഫിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

സെല്ലിന് പുറത്തു മാത്രം ഇരുപത് പൊലീസുകാരെയാണ് കാവലിന് നിയോഗിച്ചിരിക്കുന്നത്. മുറിക്കുള്ളിൽ കഴിയുന്ന പ്രതി മിക്കവാറും സമയങ്ങളിൽ  ഉറക്കമാണെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണമായും പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങൾ പ്രതിക്കുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് കരളിൻ്റെ പ്രവര്‍ത്തനം പൂര്‍ണ തോതിലെത്തിയാലേ കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനിടയുള്ളു. അതുണ്ടായില്ലെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

നിരവധി ചോദ്യങ്ങൾക്കാണ് പ്രതിയിൽ നിന്ന് അന്വേഷണ സംഘം ഉത്തരം പ്രതീക്ഷിക്കുന്നത്. ട്രെയിന്‍ ആക്രമണത്തിന് പ്രതി എന്തിന് കേരളം തിരഞ്ഞെടുത്തു എന്നുള്ളതാണ് ചോദ്യങ്ങളിൽ പ്രധാനം. പുറത്തു നിന്ന് ആരുടെയെങ്കിലും സഹായം കിട്ടിയോ, റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് പേരെ പ്രതി തള്ളിയിട്ടു കൊന്നതാണോ തുടങ്ങി ഒട്ടേറെ നിര്‍ണായക ഉത്തരങ്ങള്‍ ഷാരൂഖിൽ നിന്നും പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരങ്ങളൊന്നും പ്രതിയിൽ നിന്ന് കിട്ടിയിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വളരെ ബുദ്ധിപൂർവ്വമായിട്ടായിരുന്നു ഷാരൂഖ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്.

അതേസമയം പ്രതിയുടെ ശരീരത്തിലേറ്റ പൊള്ളൽ ​ഗുരുതരമല്ലെന്ന് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പൊള്ളലെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ദേഹം മുഴുവൻ ഉരഞ്ഞ പാടുകളുണ്ട്. ഈ ഉരച്ചിൽ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചതാകാമെന്നാണ് പൊലീസിൻ്റെ നി​ഗമനം. മുഖത്തും ഉരച്ചിലുണ്ട്. ഈ ഉരച്ചിലിൻ്റെ ഫലമായാണ് കണ്ണിന് ചുറ്റും നീര് വച്ചതെന്നും പ്രതിയെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. പ്രതിയുടെ കാഴ്ചയ്ക്ക് പ്രശ്നങ്ങളില്ല. ചെറു വിരലിൽ നാല് ദിവസം മുൻപ് ഏറ്റ മുറിവുണ്ട്. ഇയാളെ ഇന്ന് രാവിലെ വീണ്ടും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ഇയാൾക്ക് കരൾ വീക്കവും മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. രക്ത പരിശോധനയില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അതേസമയം ഒടിവോ ചതവോ മറ്റു കാര്യമായ പ്രശ്‌നങ്ങളോ ഇല്ലെന്നുള്ളത് പ്രതിയെ ചോദ്യം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷ പൊലീസിൽ ഉയർത്തിയിരുന്നു. സിടി സ്‌കാന്‍ റിപ്പോര്‍ട്ടും നോര്‍മലായിരുന്നു. സൈക്യാട്രി പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. അതിനിടെയാണ് രക്ത പരിശോധനാ ഫലം ലഭിച്ചത്. റിപ്പോർട്ടിൽ മഞ്ഞപ്പിത്തമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ പൊലീസിൻ്റെ പദ്ധതികളെല്ലാം പാളുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button