ന്യൂഡൽഹി: കോൺഗ്രസ് പാളയത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി തന്റെ ബി.ജെ.പി പ്രഖ്യാപനം നടത്തിയത്. പിന്നാലെ രൂക്ഷ വിമർശനവുമായി നേതാക്കൾ രംഗത്തെത്തി. ഇതോടെ താൻ ബി.ജെ.പിയിൽ ചേർന്നതുകൊണ്ട് പപ്പായുടെ (എ കെ ആന്റണി) രാഷ്ട്രീയ പാരമ്പര്യത്തിന് ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് അനിൽ കെ ആന്റണി പ്രതികരിച്ചിരുന്നു. അനിലിന്റെ ഈ കൂടുമാറ്റത്തെ പരിഹസിച്ച് സന്ദീപാനന്ദ ഗിരിയും രംഗത്ത്. അനിലിനെ കുങ്കിയാനകളോട് ഉപമിക്കുകയാണ് സന്ദീപാന ഗിരി. അനിൽ ആന്റണിയുടെ പേരെടുത്ത് പറയാതെ പരോക്ഷമായിട്ടായിരുന്നു വിമർശനം.
‘കുങ്കിയാനകളെക്കൊണ്ട് കാട്ടാനയെ പിടിക്കുന്നപോലെ മതന്യൂനപക്ഷത്തിലെ ചിലരെ കുങ്കികളാക്കികൊണ്ട് ന്യൂനപക്ഷ വോട്ടുപിടിക്കാം എന്ന് കരുതുന്നത് വെറും പാഴ് വേലയാണ്. ആ കുട്ടി മുതൽ എത്രയെത്ര കുങ്കികൾ ഇതാ പുതിയൊരു കുങ്കി. കേരളത്തിൽ ഈ കുങ്കികളെല്ലാം വെറും മങ്കികളായി പരിഹസിക്കപ്പെടും എന്നതാണ് സത്യം’, സന്ദീപാനന്ദ ഗിരി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, തന്റെ രാഷ്ട്രീയ കൂടുമാറ്റം അച്ഛനെ ബാധിക്കുന്ന വിഷയമല്ലെന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. ‘അമ്പത്തിരണ്ടുവർഷത്തെ പാർലമെന്ററി രാഷ്ട്രീയത്തിനുശേഷം സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച അദ്ദേഹത്തിന്റെ ഇന്നിങ്സ് പൂർത്തിയായി. വീട്ടിൽ രാഷ്ട്രീയം ചർച്ച ചെയ്യാറില്ല. പപ്പയുമായി വളരെ നല്ല ബന്ധമാണുള്ളത്. എന്നാൽ, ഇപ്പോൾ ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും കാര്യത്തിൽ വ്യത്യാസമുണ്ടായി. കോൺഗ്രസിൽ ഇപ്പോൾ രണ്ടോ മൂന്നോ വ്യക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള അധ്വാനങ്ങളാണ് നടക്കുന്നത്. രാജ്യത്തിനുവേണ്ടി പരിശ്രമിക്കാനാണ് ആഗ്രഹം. അതുകൊണ്ട്, കോൺഗ്രസിനെ വഞ്ചിച്ചെന്ന് പറയുന്നതിൽ അർഥമില്ല. രണ്ടുമൂന്ന് മാസം ആലോചിച്ചിട്ടാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. ബിജെപിയുടെ സാദാപ്രവർത്തകൻ എന്നനിലയിൽ പ്രവർത്തിക്കും. സ്ഥാനമാനങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ല’, അനിൽ പറഞ്ഞു.
Post Your Comments