Latest NewsKeralaNews

പേവിഷബാധാ ചികിത്സയിൽ ഗുരുതര വീഴ്ച: റാബീസ് വാക്‌സിനെടുത്ത 14 കാരന്റെ ശരീരം തളർന്നു, പരാതിയുമായി കുടുംബം

ആലപ്പുഴ: ആലപ്പുഴ ചേർത്തല താലൂക്ക് ആശുപത്രിയിൽ പേവിഷബാധാ ചികിത്സയിൽ ഗുരുതര വീഴ്ച. പൂച്ച മാന്തിയതിനെ തുടർന്ന് പേവിഷബാധ വാക്‌സിനെടുത്ത 14 കാരന്റെ ശരീരം തളർന്നു പോയതായി പരാതി. വാക്‌സിൻ പ്രശ്‌നമുണ്ടെന്ന് ഡോക്ടർമാരെ അറിയിച്ചിട്ടും വീണ്ടും വീണ്ടും കുട്ടിയിൽ കുത്തിവയ്പ് നടത്തുകയായിരുന്നുവെന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.

ചേർത്തല കരുവ സ്വദേശികളായ പ്രദീപ്കുമാറിന്റെയും അനിതയുടെയും ഏക മകനായ ഒന്‍പതാം ക്ലാസ് വിദ്യാർത്ഥി കാർത്തിക്കിനാണ് ദുരനുഭവം ഉണ്ടായത്. ആശുപത്രിയിൽ നിന്ന് എടുത്ത രണ്ടാം ഡോസു മുതലാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കുട്ടിയിൽ കണ്ട് തുടങ്ങിയത് എന്ന് മാതാപിതാക്കള്‍ പറയുന്നു. ആകെ തളർന്ന് പോവുകയായിരുന്നു. വാക്‌സിൻ എടുത്ത ഇടവേളകളിൽ നാല് തവണയാണ് കടുത്ത പനിയും തലകറക്കവുമായി കാർത്തിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വാക്‌സിനേഷന്റെ പ്രശ്‌നങ്ങൾ പറഞ്ഞപ്പോൾ കുട്ടിയുടെ പേടി മാത്രമാണെന്ന് പറഞ്ഞ് ഡോക്ടർമാർ ഒഴിയുകയായിരുന്നു. ലക്ഷണങ്ങൾ ഗൗരവത്തിലെടുക്കാതെ വീണ്ടും ഡോസുകൾ നൽകിയതോടെ കാർത്തിക്കിന്റെ ശരീരം പൂർണമായും തളർന്നു. നിലവിൽ കുട്ടി ഒരു മാസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. റാബീസ് ഇഞ്ചക്ക്ഷൻ മൂലം നാടി വ്യൂഹങ്ങളെ തളർത്തുന്ന അവസ്ഥ കുട്ടിക്ക് ബാധിച്ചുവെന്നാണ് കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോ വിഭാഗം കുടുംബത്തെ അറിയിച്ചത്.

‘ഏക മകൻ തളർന്നതോടെ ജോലി കളഞ്ഞ് അവനെ പരിചരിക്കുകയാണ് ഞങ്ങൾ. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ കുടുംബം മുന്നോട്ട് പോകുന്നത്. ആരോഗ്യ മന്ത്രി, ബാലാവകാശ കമ്മീഷൻ എന്നിവർക്കടക്കം പരാതി നൽകിയിട്ടുണ്ട്’- കുട്ടിയുടെ അമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button